Chernobyl Nuclear Disaster | ചെര്‍ണോബില്‍ ആണവദുരന്തത്തിന്റെ കഥ

റഷ്യ യുദ്ധക്കൊതിയുമായി യുക്രെയ്നിലേക്ക് ഇരച്ചെത്തിയപ്പോള്‍, മറ്റൊരു ആണവ ദുരന്തം കൂടി ലോകം കാണേണ്ടിവരുമോ എന്ന ഭീതികള്‍ക്ക് അതിരില്ലായിരുന്നു
Chernobyl Nuclear Disaster | ചെര്‍ണോബില്‍ ആണവദുരന്തത്തിന്റെ കഥ
Published on
Updated on



ലോകത്തെ നടുക്കിയ ഏറ്റവും വലിയ ആണവ ദുരന്തം സംഭവിച്ചിട്ട് 39 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച ആറ്റംബോംബ് വിതച്ചതിനേക്കാള്‍ 400 മടങ്ങ്‍ അധികമായിരുന്നു അവിടത്തെ റേഡിയേഷന്‍. ആയിരമായിരം ആണ്ടുകള്‍ പിന്നിട്ടാലും മനുഷ്യവാസം സാധ്യമാകുമോ എന്ന് ശാസ്ത്ര ലോകത്തിന് ഇന്നും ഉറപ്പില്ലാത്ത നഗരം, ചെര്‍ണോബില്‍. റഷ്യ യുദ്ധക്കൊതിയുമായി യുക്രെയ്നിലേക്ക് ഇരച്ചെത്തിയപ്പോള്‍, മറ്റൊരു ആണവ ദുരന്തം കൂടി ലോകം കാണേണ്ടിവരുമോ എന്ന ഭീതികള്‍ക്ക് അതിരില്ലായിരുന്നു. മനുഷ്യരാശിയെ അത്രത്തോളം പേടിപ്പെടുത്തുന്നുണ്ട് ചെര്‍ണോബില്‍ എന്ന പ്രേതനഗരം.

യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന യുക്രെയ്നിലെ പ്രിപ്യാത്ത് നഗരത്തിലായിരുന്നു ചെര്‍ണോബില്‍. അവിടെയാണ് അക്കാലത്തെ ഏറ്റവും വലുതും, അത്യാധുനികവുമായ ആണവ വൈദ്യുത നിലയം സ്ഥാപിച്ചത്. സോവിയറ്റ് സാങ്കേതികവിദ്യയില്‍ പിറവിയെടുത്ത ലൈറ്റ് വാട്ടർ ഗ്രാഫൈറ്റ് മോഡറേറ്റഡ് റിയാക്ടറുകളുടെ ഗണത്തിൽപ്പെട്ടതും, 1000 മെഗാ വാട്ട് വീതം ശേഷിയുള്ളതുമായ നാല് റിയാക്ടറുകളാണ് നിലയത്തില്‍ ഉണ്ടായിരുന്നത്. 1970നും 77നും ഇടയില്‍ ആദ്യ രണ്ട് യൂണിറ്റുകള്‍ സ്ഥാപിച്ചു. 1983ല്‍ മൂന്നും നാലും യൂണിറ്റുകള്‍ കൂടി സ്ഥാപിച്ചു. രണ്ട് റിയാക്ടറുകളുടെ നിര്‍മാണാവസ്ഥയിലായിരുന്നു ദുരന്തം സംഭവിക്കുന്നത്.

1986 ഏപ്രില്‍ 25ന് ആണവ വൈദ്യുത നിലയത്തിലെ നാലാമത്തെ റിയാക്ടറില്‍ അറ്റകുറ്റപ്പണി നടത്താന്‍ നിശ്ചയിച്ചിരുന്നു. മാത്രമല്ല, നിലയത്തിലെ വൈദ്യുതി നിലച്ചാലും റിയാക്ടര്‍ തണുപ്പിക്കാന്‍ കഴിയുമോ എന്ന് പരീക്ഷിക്കാനും തീരുമാനിച്ചിരുന്നു. അടിയന്തരഘട്ടങ്ങളില്‍ റിയാക്ടറുകളുടെ പ്രവർത്തനം നിർത്തേണ്ടി വരുമ്പോൾ, ഇന്ധന അറയിലെ ചൂട് കുറയ്ക്കാനായി വെള്ളം പമ്പ് ചെയ്യുകയായിരുന്നു പതിവ്. റിയാക്ടറുകള്‍ക്ക് ആവശ്യമായ കൂളിങ് നല്‍കുന്നതിനായി 22 സ്ക്വയര്‍ മീറ്ററോളം കൃത്രിമ തടാകവും സൃഷ്ടിച്ചിരുന്നു. പക്ഷേ, വാട്ടര്‍ പമ്പുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ ഒന്നര മിനിറ്റ് വേണ്ടിവരും. അതിനെ 30 സെക്കന്‍ഡാക്കി കുറയ്ക്കാനായിരുന്നു പരീക്ഷണം. പക്ഷേ, ശ്രമം പാളി. പവര്‍ 200 മെഗാവാട്ടായി കുറഞ്ഞതോടെ, നിലയത്തിന്റെ പ്രവര്‍ത്തനം താറുമാറായി. കൂളിങ്ങിനായി സജ്ജമാക്കിയിരുന്ന വാട്ടര്‍ പമ്പുകളും പ്രവര്‍ത്തിക്കാതെയായി. റിയാക്ടറിലെ ജലം നീരാവിയായി മാറാന്‍ തുടങ്ങിയിരുന്നു. അതിനിടെ, ഊര്‍ജോത്പാദനം വര്‍ധിച്ചു. പരമാവധി ശേഷിയുടെ ഇരട്ടിയും പിന്നിട്ട് പവർ 10,000 മെഗാ വാട്ടിലെത്തി. അമിത മര്‍ദം താങ്ങാനാകാതെ, ഏപ്രില്‍ 26ന് പുലര്‍ച്ചെ 1.30ഓടെ നാലാമത്തെ റിയാക്ടര്‍ പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ രണ്ടുപേര്‍ തത്ക്ഷണം മരിച്ചു. റിയാക്ടറുകള്‍ നിര്‍ത്തിവയ്ക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. ഉയര്‍ന്ന താപനിലയില്‍ ഉണ്ടാകുന്ന ഹൈഡ്രജന് തീപിടിച്ചതോടെ, വീണ്ടും പൊട്ടിത്തെറിയുണ്ടായി. റിയാക്ടറിലെ 2000 ടൺ ഭാരമുള്ള ഉരുക്കു കവചം തകര്‍ത്ത് റേഡിയോ ആക്ടീവ് പദാർഥങ്ങൾ പുറത്തേക്ക് ചീറ്റി. ഉഗ്ര ആണവ വികിരണം ഉണ്ടാക്കുന്ന വസ്തുക്കള്‍ അന്തരീക്ഷത്തിലേക്ക് പ്രവഹിച്ചു.

ആണവ നിലയിലത്തിലുണ്ടാകുന്ന സാധാരണ സ്ഫോടനം മാത്രമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതിയത്. വലിയ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ് അഗ്നിശമന സേനാംഗങ്ങള്‍ ഓടിയെത്തി തീയണച്ചതും അവശിഷ്ടങ്ങള്‍ നീക്കിയതും. ഇതൊക്കെ കാണാന്‍ പ്രിപ്യാത്ത് നഗരവാസികള്‍ കൂട്ടത്തോടെ എത്തുകയും ചെയ്തു. ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കി തുടങ്ങുമ്പോഴേക്കും, ചെര്‍ണോബില്‍ നിലയത്തില്‍ ഉണ്ടായിരുന്ന 190 മെട്രിക് ടണ്‍ യൂറേനിയത്തിന്റെ 30 ശതമാനവും അന്തരീക്ഷത്തില്‍ എത്തിക്കഴിഞ്ഞിരുന്നു. അപകടം നടന്ന് 36ാം മണിക്കൂറിലാണ്, ആണവ നിലയത്തിന് ചുറ്റുമുള്ള പത്ത് കിലോമീറ്ററോളം എക്സ്ക്ലൂഷന്‍ സോണായി സോവിയറ്റ് യൂണിയന്‍ പ്രഖ്യാപിച്ചത്. പിന്നീടത് 30 കിലോമീറ്ററായി ഉയര്‍ത്തി. ആദ്യ ഘട്ടത്തില്‍ 49,000 പേരെയും രണ്ടാം ഘട്ടത്തില്‍ 68,000 പേരെയും ഒഴിപ്പിച്ചു. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. ആണവ വികിരണം നാടും നഗരവും കടന്നിരുന്നു. അഞ്ഞൂറിലേറെ ഗ്രാമങ്ങള്‍ അപകടാവസ്ഥയിലായി. ചെര്‍ണോബിലും, പ്രിപ്യാത്തുമൊക്കെ വിട്ട് ജനം കൂട്ടത്തോടെ പലായനം ചെയ്തു.

ഗുരുതരമായി പരിക്കേറ്റ 237 പേരെയാണ് ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ 134 പേരില്‍ അക്യൂട്ട് റേഡിയേഷന്‍ സിന്‍ഡ്രോം ലക്ഷണങ്ങളുണ്ടായിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ ഇവരില്‍ 28 പേര്‍ മരിക്കുകയും ചെയ്തു. വിവിധ കാലങ്ങളിലായി പിന്നീട് 14 പേര്‍ കൂടി മരിച്ചു. റേഡിയേഷന്‍ മൂലം കുട്ടികളും, കൗമാരക്കാരും ഉള്‍പ്പെടെ ആറായിരം പേര്‍ക്ക് തൈറോയ്ഡ് ക്യാന്‍സര്‍ ബാധിച്ചതായി 2005ല്‍ കണ്ടെത്തിയിരുന്നു. വലിയ തോതില്‍ റേഡിയേഷന്‍ ബാധിച്ച നാലായിരത്തോളം പേരും, കുറഞ്ഞ തോതില്‍ റേഡിയേഷന്‍ ബാധിച്ച അയ്യായിരത്തോളം പേരും ക്യാന്‍സര്‍ ബാധിതരായി പല കാലങ്ങളായി മരിച്ചിട്ടുണ്ടെന്നും വിവിധ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ചെര്‍ണോബില്‍ ദുരന്തത്തിന്റെ വ്യാപ്തിയോ മരണനിരക്കോ ഇനിയും കൃത്യമായി വിലയിരുത്തിയിട്ടില്ല. സോവിയറ്റ് യൂണിയന്‍ പറഞ്ഞതല്ല യഥാര്‍ഥ കണക്കെന്നും, പതിനായിരങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ആണവ നിലയത്തിലെ തീയണയ്ക്കാന്‍ അഗ്നിശമന സേന വലിയ തോതില്‍ വെള്ളം പമ്പ് ചെയ്തിരുന്നു. ഈ വെള്ളം റിയാക്ടര്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കെട്ടിക്കിടന്നിരുന്നു. സ്ഫോടനവും ന്യൂക്ലിയര്‍ ഫിഷനെ തുടര്‍ന്നുണ്ടായ ചൂടുമൊക്കെ ചേര്‍ന്നുണ്ടായ റേഡിയോ ആക്ടീവ് ലാവ വെള്ളത്തിലേക്ക് ഒഴുകിയിറങ്ങിയിരുന്നേല്‍, മറ്റ് മൂന്ന് റിയാക്ടറുകള്‍ കൂടി തകരുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍, അത് മാനവരാശിക്ക് കരകയറാനാവാത്ത ദുരന്തത്തില്‍ അവസാനിച്ചേനേ. റിയാക്ടര്‍ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള വാല്‍വുകള്‍ തുറന്ന് വെള്ളം ഒഴുക്കിക്കളയാന്‍ മൂന്ന് ജീവനക്കാര്‍ തയ്യാറായതാണ് അത്തരമൊരു ദുരന്തം ഒഴിവാക്കിയത്.

ആളും അനക്കവുമില്ലാത്ത പ്രേതനഗരമാണ് ഇന്ന് ചെര്‍ണോബിലും പരിസരവും. ആണവ ദുരന്തത്തിന്റെ ഭീതിപ്പെടുത്തുന്ന ശേഷിപ്പുകള്‍ അവിടെയുണ്ട്. ടണ്‍ കണക്കിന് ആണവ മാലിന്യങ്ങളും, ഡീകമ്മീഷന്‍ ചെയ്ത റിയാക്ടറുകളും അവിടെ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. അതിനായി കോടികളാണ് മുടക്കിയിരിക്കുന്നത്. പൊട്ടിത്തെറിച്ച റിയാക്ടര്‍ 2016ല്‍ നിര്‍മിച്ച ഉരുക്കു കവചത്തിനുള്ളിലാണ്. റേഡിയേഷന്‍ മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ എത്ര തലമുറയെ വരെ ബാധിക്കുമെന്ന കാര്യത്തിലും പഠനം തുടരുകയാണ്. റേഡിയേഷന്‍ തോത് നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങളും, റേഡിയേഷന്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങളും 2065 വരെയെങ്കിലും ഇതെല്ലാം തുടരേണ്ടിവരുമെന്നാണ് പറയപ്പെടുന്നത്. ഒരു നാടിനെ തകര്‍ക്കാന്‍ ശേഷിയുള്ള അണുബോംബായാണ് ചെര്‍ണോബില്‍ ഇപ്പോഴും തുടരുന്നത്. ദുരന്തനഗരത്തിലെ മേല്‍മണ്ണ് നീക്കിയാല്‍ പോലും ആണവമാലിന്യങ്ങള്‍ പുറത്തെത്തും. വായുവുമായോ, ജലവുമായോ അവ കലര്‍ന്നാലുണ്ടാകുന്ന അപകടം പ്രവചിക്കാനാവില്ല. റഷ്യന്‍ സൈന്യം ഇരച്ചുകയറിയപ്പോള്‍ യുക്രെയ്ന്‍ ഭയപ്പെട്ടതും, ലോകത്തോട് വിളിച്ചുപറഞ്ഞതും ഇതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com