SPOTLIGHT | സിനിമയും ഔറംഗസേബും കലാപവും?

ചരിത്രത്തിലെ തെറ്റുകളൊന്നും പിന്നീട് തിരുത്താന്‍ കഴിയില്ല. ചെയ്ത ശരികളെ തെറ്റാണെന്നു സ്ഥാപിക്കാനും കഴിയില്ല. ബോധമുള്ള സമൂഹം ചരിത്രത്തെ ഉപയോഗിക്കുന്നത് പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും ശരികള്‍ പകര്‍ത്താനുമാണ്.
SPOTLIGHT | സിനിമയും ഔറംഗസേബും കലാപവും?
Published on

ആള്‍ക്കൂട്ടം എത്രവരെ വിഡ്ഢികളാകാം എന്നു തുറന്നു കാണിക്കുക മാത്രമല്ല ഒരു സിനിമ ചെയ്യുന്നത്. കലാപത്തിന് പ്രേരിപ്പിക്കുക കൂടിയാണ്. വിക്കി കൗശല്‍ നായകനായ ഛാവാ സിനിമയാണ് നാഗ്പൂര്‍ കലാപത്തിനു കാരണമായതെന്ന് നിയമസഭയില്‍ പറഞ്ഞത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ആണ്. മറാത്തകള്‍ക്കിടയില്‍ ഔറംബഗസേബിന് എതിരായ വികാരം ആളിക്കത്തിച്ചത് സിനിമയാണെന്നാണ് ബിജെപി മുഖ്യമന്ത്രി പറഞ്ഞത്. അപ്പോഴും മുഖ്യമന്ത്രിയുടെ ഭാഷയില്‍ കുറ്റക്കാര്‍ കലാപത്തിന് ആഹ്വാനം ചെയ്തവരല്ല, സിനിമയാണ്. 300 വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന കാര്യങ്ങളുടെ പേരില്‍ ഇന്ന് ജനം ഒരേസമയം സ്വയം വിഡ്ഢികളും കലാപകാരികളും ആവുകയാണ്. സ്വര്‍ണം കുഴിച്ചിടുന്നതായി സിനിമയില്‍ കണ്ടതറിഞ്ഞ് ഒരു പ്രദേശം മുഴുവന്‍ കുഴിച്ച അതേ ജനത തന്നെയാണ് കലാപത്തിന് ഇറങ്ങിയതും. ആ ജനതയെ നയിക്കുന്നവര്‍ തന്നെ കലാപം ഇളക്കിവിടുന്നത് എങ്ങനെയെന്ന് പ്രസ്താവനകള്‍ തെളിയിച്ചു.


സിനിമയും ഔറംഗസേബും കലാപവും?


ഹിന്ദുക്കളെ ആക്രമിച്ച ഔറംഗസേബിന്റെ ശവകുടീരം എന്തിനാണ് ഇന്ത്യയില്‍ എന്നു ചോദിച്ചത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. നാഗ്പൂര്‍ പോലീസിന്റെ കുറ്റപത്രം അനുസരിച്ച് സംഭവങ്ങള്‍ ഇങ്ങനെയാണ്. വിക്കി കൌശലിന്റെ ഛത്രപതി സംഭാജി മഹാരാജ് സിനിമ റിലീസ് ചെയ്തതോടെ ഔറംഗസേബിന് എതിരായ വികാരം ശക്തമായി. നാഗ്പൂരില്‍ നിന്ന് ഏതാണ്ട് അഞ്ഞൂറുകിലോമീറ്റര്‍ അകലെ ഛത്രപതി സംഭാജി നഗര്‍ എന്നറിയപ്പെടുന്ന പഴയ ഔറംഗാബാദിലാണ് ഔറംഗസേബിന്റെ ശവകുടീരം. ഈ ശവകുടീരം ഇവിടെ നിന്നു മാറ്റണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നതാണ്. സിനിമയില്‍ ഔറംഗസേബ് ഹിന്ദു രാജാക്കന്മാരെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചതോടെ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും പ്രതിഷേധവുമായി ഇറങ്ങി. ശവകൂടീരം നീക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രതിഷേധത്തില്‍ ഔറംഗസേബിന്റെ കോലം കത്തിച്ചു. കോലം ഉണ്ടാക്കിയത് പച്ചത്തുണിയിലായിരുന്നു. അതില്‍ ഖുര്‍ആനിലെ വാചകങ്ങള്‍ എഴുതിയിരുന്നു എന്നു കൂടി പ്രചരിപ്പിച്ചതോടെ മുസ്ലിം സംഘടനകളും പ്രതിഷേധവുമായി ഇറങ്ങി. ഈ രണ്ടു പ്രതിഷേധങ്ങളാണ് നാഗ്പൂരിനെ വീണ്ടും കലാപഭൂമിയാക്കിയത്.

സിനിമയും ചരിത്രവും യാഥാര്‍ത്ഥ്യവും


1658 മുതല്‍ 1707 വരെയാണ് ഔറംഗസേബ് മുഗള്‍ സാമ്രാജ്യം ഭരിച്ചത്. 318 വര്‍ഷം മുന്‍പ് അവസാനിച്ചതാണ് ആ ഭരണം. ചരിത്രം കുഴിതോണ്ടിയെടുത്ത് അതില്‍ കഥകള്‍ ചേര്‍ക്കുന്നത് കലാപകാരികളുടെ മാത്രം ആവശ്യമാണ്. ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും ഓരോതരം ഭരണാധികാരികള്‍ ജനതയ്ക്കുമേല്‍ ഉണ്ടാകും. മുന്നൂറും നാനൂറും വര്‍ഷം കഴിഞ്ഞ് അവരെ തിരുത്താന്‍ ഇറങ്ങിയാല്‍ എന്തൊക്കെ മാറ്റേണ്ടി വരും. സ്വന്തം സഹോദരനെ വധിച്ച് അധികാരത്തിലെത്തിയയാള്‍ എന്നും സ്വന്തം പിതാവ് ഷാജഹാനെ ജയിലിലടച്ചയാള്‍ എന്നുകൂടിയുണ്ട് ഔറംഗസേബിനെക്കുറിച്ചു ചരിത്രത്തില്‍. ഇന്നു കാണുന്ന ഇന്ത്യ എന്ന സങ്കല്‍പം ഉണ്ടായതു തന്നെ ഔറംഗസേബിന്റെ കാലത്താണെന്നു പറയുന്നവരുമുണ്ട്. അഫ്ഗാനിസ്താന്റെ അടുത്തുവരെ സാമ്രാജ്യം സ്ഥാപിച്ചത് ഔറംഗസേബ് ആണ്. പടയോട്ടങ്ങളുടെ ചക്രവര്‍ത്തി എന്ന നിലയില്‍ പ്രശസ്തിയുള്ളപ്പോള്‍ തന്നെ മതമൗലിക വാദി എന്ന വിമര്‍ശനവും ഉണ്ടായിരുന്നു. ചരിത്രത്തിലെ തെറ്റുകളൊന്നും പിന്നീട് തിരുത്താന്‍ കഴിയില്ല. ചെയ്ത ശരികളെ തെറ്റാണെന്നു സ്ഥാപിക്കാനും കഴിയില്ല. ബോധമുള്ള സമൂഹം ചരിത്രത്തെ ഉപയോഗിക്കുന്നത് പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും ശരികള്‍ പകര്‍ത്താനുമാണ്.

ഇരുവശത്തും പരിക്കേല്‍ക്കുന്ന നാഗ്പൂര്‍


നാഗ്പൂര്‍ കലാപത്തില്‍ ഇരുപക്ഷത്തും നഷ്ടമുണ്ട്. മുപ്പതോളം പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്തവര്‍ സിനിമയെ ഒരു ഉപാധിയാക്കി മാറ്റുകയല്ല ചെയ്തത്. പണം വാരാന്‍ എന്തും ചെയ്യാം എന്ന നിലയിലെത്തിയവര്‍ സിനിമയെ ആ നിലയിലേക്ക് മാറ്റുകയായിരുന്നു. ഭൂരിപക്ഷ മതവിഭാഗത്തെ മുഴുവന്‍ വികാരം ഇളക്കിവിട്ട് തിയേറ്ററില്‍ എത്തിക്കാന്‍ ശ്രമിച്ചവര്‍ ന്യൂനപക്ഷത്തെ ശത്രുക്കളായി സ്ഥാപിക്കുകയും ചെയ്തു. സിനിമപോലെ ജനകീയമായ കലാരൂപം ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് സംഭവിച്ചത്. ഒരു വിഭാഗത്തിന്റെ പ്രക്ഷകരെ ലക്ഷ്യമിട്ട് സിനിമ പ്രൊപ്പഗന്‍ഡയായി മാറുമ്പോള്‍ മറുവശം സ്വാഭാവികമായി ഇരകളാവുകയാണ്. സിനിമ കണ്ട് വരുന്നവര്‍ അപരപക്ഷത്തെ ശത്രുക്കളായി കാണും. സിനിമയില്‍ കാണിച്ച തിന്മയ്ക്ക് പ്രതികാരം ചെയ്യാന്‍ ഇറങ്ങും. ശിവസേനയും വിഎച്ച് പിയും ബജ്‌റംഗ്ദളുമൊക്കെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയത് ഇത്തരം വികാരങ്ങള്‍ മുതലെടുത്താണ്.


നീണ്ട തയ്യാറെടുപ്പോടെ കലാപം?


ഇപ്പോള്‍ കലാപം ഉണ്ടായ മഹല്‍ പ്രദേശത്ത് ഹിന്ദുക്കളും മുസ്ലീംകളും പതിറ്റാണ്ടുകളായി സൗഹാര്‍ദത്തില്‍ കഴിഞ്ഞിരുന്നതാണ്. കലാപം പെട്ടെന്നുണ്ടായതല്ല എന്നതിന് തെളിവായി ഉയര്‍ത്തിക്കാണിക്കുന്നത് ആയുധങ്ങളാണ്. ഇരുപക്ഷവും യുദ്ധത്തിനെന്നതുപോലെ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളുമായാണ് ഇറങ്ങിയത്. ഇരു വിഭാഗവും നേരത്തെ തന്നെ കോപ്പുകൂട്ടി എന്നതിന്റെ സൂചനയാണ് ഇത്. പക്ഷേ, നാഗ്പൂരിലെ പൊലീസ് മാത്രം സംഭവിച്ചതൊന്നും അറിഞ്ഞില്ല. പൊലീസിന് ഉണ്ടായ വലിയ വീഴ്ചയാണ് ഇപ്പോഴത്തെ അതിക്രമങ്ങള്‍ക്കു പിന്നില്‍. കലാപത്തിന്റെ ആദ്യഘട്ടത്തില്‍ പേരിനു പോലും പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല എന്നാണ് ആരോപണം. കലാപം നടക്കട്ടെ എന്ന നിലയില്‍ പൊലീസ് കണ്ണടച്ചു എന്ന ഗുരുതര കുറ്റത്തിനാണ് മറുപടി ഉണ്ടാകേണ്ടത്. രാവിലെയും വൈകിട്ടുമായി രണ്ടു കലാപങ്ങളാണ് നാഗ്പൂരില്‍ ഉണ്ടായത്. രാവിലെ ഹിന്ദുവിഭാഗത്തിന്റെ പ്രതിഷേധവും വൈകിട്ട് മുസ്ലിം വിഭാഗത്തിന്റെ പ്രതിഷേധവും. ഇതിനിടയിലുള്ള സമയത്തെങ്കിലും പൊലീസ് ഇടപെട്ടിരുന്നുവെങ്കില്‍ സ്ഥിതി നിയന്ത്രിക്കാമായിരുന്നുവെന്നാണ് പ്രതികരണങ്ങള്‍ കാണിക്കുന്നത്. ഒരു കലാപവും പെട്ടെന്ന് ഉണ്ടാകുന്നതല്ല. കാലങ്ങളായി പുകയുന്ന പ്രശ്‌നങ്ങളില്‍ എണ്ണയൊഴിച്ചുകത്തിക്കുന്നവരാണ് ശരിക്കുള്ള പ്രതികള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com