
ഛത്രപതി ശിവജിയുടെ പിൻഗാമിയും സ്വരാജ്യ സംഘടനയുടെ സ്ഥാപകനുമായ സംഭാജി ഛത്രപതി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. സംഭാജിയുടെ മഹാരാഷ്ട്ര സ്വരാജ്യ പാർട്ടിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. ഔദ്യോഗിക എക്സ് പോസ്റ്റ് വഴിയായിരുന്നു വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സംഭാജി പ്രഖ്യാപിച്ചത്. തൂലികയിൽ നിന്നുയരുന്ന കിരണങ്ങളാണ് പാർട്ടി ചിഹ്നം. സാമൂഹ്യപ്രവർത്തകനായിരുന്ന സംഭാജി നേരത്തെ രാജ്യസഭാംഗമായും സേവനമനുഷ്ടിച്ചിരുന്നു.
"കഴിഞ്ഞ വർഷം സംഘടനയെ ഒരു പാർട്ടിയായി മാറ്റി പ്രചരിപ്പിക്കാൻ ഞങ്ങൾക്ക് സാധിച്ചു. സ്വരാജ്യ സംഘടന ഇനി മഹാരാഷ്ട്ര സ്വരാജ്യ പാർട്ടിയെന്ന് അറിയപ്പെടും. ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഈ ചിഹ്നം കൂടുതൽ വോട്ടർമാരിലേക്ക് എത്തിക്കേണ്ടത് ഞങ്ങളുടെ കടമയാണ്,” സാംഭാജി എക്‌സിൽ കുറിച്ചു.
മഹാരാഷ്ട്രയിലെ ജനങ്ങളുടെ സ്നേഹവും പാർട്ടി സംഘടനാ പ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും കഠിനാധ്വാനവും മഹാരാഷ്ട്ര സ്വരാജ്യ പാർട്ടി സ്ഥാനാർഥികളെ വൻ വോട്ടുകൾക്ക് വിജയിപ്പിക്കുമെന്ന് ഉറപ്പാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പരിവർത്തനത്തിൻ്റെ ശക്തിയെ അധികാരത്തിൽ കൊണ്ടുവരണമെന്നും സംഭാജി കൂട്ടിച്ചേർത്തു.