
ഛത്തീസ്ഗഢിൽ ആയുധം വെച്ച് കീഴടങ്ങിയ മാവോവാദികൾക്ക് ഇനി പുതിയ ജീവിത തുടക്കം. ബിജാപുരിൽ ഇവർക്ക് തൊഴിൽ പരിശീലന - പഠന സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് സർക്കാർ. 2024ൽ മാത്രം 802 മാവോവാദികൾ ഛത്തീസ്ഗഢിൽ കീഴടങ്ങിയെന്നാണ് സർക്കാർ കണക്ക്.
നക്സൽ വാഴ്ച്ചയാൽ കുപ്രസിദ്ധമാണ് ഛത്തീസ്ഗഢിലെ ബസ്തർ-ബിജാപുർ ദണ്ഡേവാഡ മേഖലകൾ. നക്സൽ-പൊലീസ് ഏറ്റുമുട്ടലുകളും മാവോയിസ്റ്റ് ആക്രമണങ്ങളും തുടരുന്ന സാഹചര്യമുണ്ടെങ്കിലും കീഴടങ്ങിയ മാവോയിസ്റ്റുകളുടെ പുനരധിവാസം നടപ്പാക്കുകയാണ് ഛത്തീസ്ഗഢ് സർക്കാർ. തൊഴിൽ പരിശീലന, സാക്ഷരതാ ക്ലാസുകളാണ് ബിജാപുരിൽ തുടങ്ങിയത്. കീഴടങ്ങിയ മാവോയിസ്റ്റുകളിൽ കൂടുതൽ പേരും ഗ്രാമീണരോ ഗോത്രവിഭാഗക്കാരോ ആണ്. ഇവരിൽ ഭൂരിഭാഗത്തിനും പ്രാഥമിക വിദ്യാഭ്യാസം മാത്രമാണുള്ളത്. ചിലർക്ക് എഴുത്തും വായനയും അറിയില്ല.
കെട്ടിട നിർമാണ ജോലികളിൽ പരിശീലനം, മറ്റ് തൊഴിൽ പരിശീലനം, ലൈബ്രറി, കമ്പ്യൂട്ടർ പരിശീലനം, ബാഡ്മിന്റൺ അടക്കമുള്ള കായിക സൗകര്യങ്ങൾ എന്നിവയാണ് മുന്‍പ് മാവോയിസ്റ്റുകളായിരുന്നവർക്കായി ബിജാപുരിൽ ഒരുക്കിയിരിക്കുന്നത്. യോഗാ പരിശീലനവുമുണ്ട്. 2025ലെ സറണ്ടർ റിഹാബിലിറ്റേഷൻ പദ്ധതി പ്രകാരമാണിതെന്ന് ബസ്തർ റേഞ്ച് ഐജി പി. സുന്ദർരാജ് പറഞ്ഞു. കീഴടങ്ങിയ നക്സലുകൾക്കായി 15,000 വീടുകൾ പിഎം ആവാസ് യോജന വഴി ഈ മേഖലയിൽ നൽകുമെന്നാണ് സർക്കാർ വാഗ്ദാനം. 2024ൽ ഛത്തീസ്ഗഢിൽ 802 മാവോവാദികൾ കീഴടങ്ങിയെന്നാണ് സർക്കാർ കണക്ക്. 2025 ൽ കീഴടങ്ങിയത് 200 ലധികം പേരാണ്.
നക്സൽ - സൈനിക ഏറ്റുമുട്ടലുകളും സുരക്ഷാപ്രശ്നങ്ങളും ജനജീവിതം വർഷങ്ങളോളം സ്തംഭിപ്പിച്ച ബസ്തർ മേഖലയിൽ 15 വർഷത്തിനുള്ളിൽ പൂട്ടിയത് 400 ലധികം സ്കൂളുകളാണ്. ബസ്തർ മേഖലയിലെ നാല് ജില്ലകളിലായി 260 സ്കൂളുകൾ കഴിഞ്ഞ ഭൂപേഷ് ഭാഗൽ സർക്കാരിന്റെ കാലത്ത് തുറന്നിരുന്നു. നക്സൽ - പൊലീസ് - സാൽവ ജുദൂം ഏറ്റുമുട്ടലുകളാണ് സ്കൂളുകൾ ഇല്ലാതാവാൻ കാരണം. ഗോത്ര വിഭാഗം കുട്ടികൾ പഠിക്കുന്ന സ്കൂളുകളാണ് മിക്കതും. കുഴിബോംബ് സ്ഫോടനങ്ങളും വെടിവെപ്പും സ്കൂളുകൾ നക്സൽ താവളമായി മാറുന്നതും ബസ്തർ മേഖലയിൽ സ്കൂളുകൾ ഇല്ലാതാവാൻ കാരണമായി.