
ചരിത്രത്തിലെ ഏറ്റവും വലിയ നക്‌സൽ വേട്ടയ്ക്കാണ് കഴിഞ്ഞ ദിവസം ഛത്തീസ്‌ഗഡ് സാക്ഷ്യം വഹിച്ചത്. അബുജമഡ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന 31 മാവോയിസ്റ്റുകളെയാണ് വധിച്ചത്. ഈ വർഷം കൊല്ലപ്പെട്ട 187 മാവോയിസ്റ്റുകളിൽ 97 പേരേയും വധിച്ചത് ഈ വനമേഖലയിൽ നിന്നാണെന്ന് ഛത്തീസ്‌ഗഡ് സർക്കാർ വ്യക്തമാക്കി.
ഛത്തീസ്‌ഗഡിലെ ദന്തേവാഡ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 31 മാവോയിസ്റ്റുകളാണ്. ദന്തേവാഡയിലെ തുൽതുലി ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ മണിക്കൂറോളം നീണ്ടു. നക്സൽ വിരുദ്ധ ഓപ്പറേഷൻ്റെ ഭാഗമായി സുരക്ഷാസംഘം വനമേഖലയിൽ പ്രവേശിക്കുകയായിരുന്നു.
ഏറ്റുമുട്ടലിനെ തുടർന്ന് കണ്ടെത്തിയ മൃതദേഹങ്ങൾക്കൊപ്പം എകെ 47, സെൽഫ് ലോഡിങ്ങ് റൈഫിളുകൾ എന്നിവയെല്ലാം കണ്ടെടുത്തു. ഏപ്രിലിൽ കാങ്കറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. അതിനേക്കാൾ വലിയ നീക്കമാണ് ഇത്തവണ നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇപ്പോഴും ഈ വനമേഖലയിൽ തന്നെ തുടരുകയാണ്.
ഈ വർഷം അബുജമഡ് വനമേഖലയിൽ നക്‌സൽ വിരുദ്ധ ഓപ്പറേഷനുകളുടെ പരമ്പര തന്നെ ഉണ്ടായിരുന്നു. മറ്റ് മേഖലകളിലും മാവോയിസ്റ്റുകൾക്ക് നേരെ വലിയ ആക്രമണം നടത്താൻ നക്സൽ വിരുദ്ധ സേനക്ക് കഴിഞ്ഞു. മാദ് ബച്ചാവോ അഭിയാൻ ക്യാമ്പെയിനിൻ്റെ ഭാഗമായി ഈ വർഷം നാൽപ്പതിലധികം നക്സൽ വിരുദ്ധ ഓപ്പറേഷനുകളാണ് മേഖലയിൽ നടന്നത്.
ഏപ്രിലിന് ശേഷം നടത്തിയ ആറ് പ്രധാന ഓപ്പറേഷനുകളിൽ 97 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടതെന്ന് ബസ്തർ റേഞ്ച് ഐജി സുന്ദർ രാജ് വ്യക്തമാക്കി. ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകൾക്കെതിരായ പോരാട്ടത്തിൽ സുരക്ഷാ സേനയുടെ ഏറ്റവും വലിയ വിജയമാണ് ഈ ഏറ്റുമുട്ടൽ എന്ന് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പറഞ്ഞു. നക്‌സലിസം അതിൻ്റെ അവസാന ശ്വാസം വലിക്കുകയാണെന്നും നക്‌സലിസം തുടച്ച് നീക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.