
ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ലിസ്റ്റ് ചെയ്യാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അനുമതി. എന്നാൽ വാദം കേൾക്കാനുള്ള തീയതി ചീഫ് ജസ്റ്റിസ് നിശ്ചയിച്ചിട്ടില്ല. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വാദം കേൾക്കാനാണ് സാധ്യത. കേസിൽ പരസ്യ പ്രസ്താവന നടത്തരുതെന്ന് ഹർജിക്കാരനും അഭിഭാഷകനുമായ മാത്യു ജെ. നെടുമ്പാറയോട് സുപ്രീം കോടതി നിർദേശിച്ചു.
അഭിഭാഷകൻ മാത്യു ജെ. നെടുമ്പാറ, മുംബൈ ആസ്ഥാനമായുള്ള മൂന്ന് അഭിഭാഷകർ, ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവർ സമർപ്പിച്ച സംയുക്ത പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കാനാണ് കോടതി സമ്മതിച്ചിരിക്കുന്നത്. 1991-ലെ കെ. വീരസ്വാമി vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസിന്റെ അനുമതിയില്ലാതെ സിറ്റിങ് ഹൈക്കോടതി ജഡ്ജിക്കോ, സുപ്രീം കോടതി ജഡ്ജിക്കോ എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നായിരുന്നു അന്നത്തെ സുപ്രീം കോടതി വിധി.
കുറ്റാരോപിതനായ വ്യക്തി ആരായാലും, ഒരു കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയെന്നത് പൊലീസിന്റെ നിയമപരമായ കടമയാണെന്നും, ഇത് കണക്കിലെടുക്കാതെയാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതെന്നും ഹർജിക്കാർ പറയുന്നു. അതേ സമയം ജഡ്ജിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. സംഭവസ്ഥലം പരിശോധിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ സമർപ്പിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറത്തുവിട്ടിരുന്നു. കത്തിയ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ ചിത്രങ്ങളുൾപ്പെടെയുള്ള റിപ്പോർട്ടാണ് പുറത്തുവിട്ടത്. ആരോപണം നിഷേധിച്ചുകൊണ്ടുള്ള ജസ്റ്റിസ് വർമയുടെ മറുപടിയും റിപ്പോർട്ടിലുണ്ടായിരുന്നു. പണം കണ്ടെത്തിയതിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നായിരുന്നു റിപ്പോർട്ടിൽ യശ്വന്ത് വർമയുടെ വിശദീകരണം.
റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസുമാരായ ഷീല്‍ നാഗു, ജി.എസ്. സന്ധാവാലിയ, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. യശ്വന്ത് വർമയെ ജുഡീഷ്യൽ ചുമതലകളിൽ നിന്ന് നീക്കി ഡൽഹി ഹൈക്കോടതി ഉത്തരവുമിട്ടിരുന്നു. യശ്വന്ത് വർമയുടെയും സ്റ്റാഫിൻ്റെയും സുരക്ഷാ ഉദ്യോഗസ്ഥൻ്റെയും ഫോൺ കോൾ റെക്കോഡ് ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇന്നലെ ഡൽഹി പൊലീസിന് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. ഇതിനെ തുടർന്ന് ആറ് മാസത്തെ ഫോൺ വിവരങ്ങൾ ശേഖരിച്ച് ഡൽഹി പൊലീസ് കോടതിക്ക് കൈമാറി.