
വയനാട്-വിലങ്ങാട് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവർക്ക് നിയമസഭാ സമ്മേളനത്തില്‍ ചരമോപാചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. മുഖ്യമന്ത്രി ദുരന്തത്തിന്‍റെ വ്യാപ്തിയും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിശദീകരിച്ചു. പിണറായി വിജയനോട് യോജിച്ച സതീശന്‍ സഹായം നല്‍കാത്തതില്‍ കേന്ദ്രത്തെ വിമർശിച്ചു.
"സമാനതകളില്ലാത്ത ദുരന്തമാണുണ്ടായത്. 1200 കോടിയുടെ നഷ്ടമെങ്കിലും മേപ്പാടിയിൽ ഉണ്ടായിട്ടുണ്ട്. 231 ജീവനുകൾ നഷ്ടപ്പെട്ടു. 47 പേരെ കാണാതായി. നിരവധി ജീവനുകൾ രക്ഷിക്കാനായി. പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമാണ പ്രവർത്തനം പുരോഗമിക്കുന്നു. സമഗ്രമായ പുനരധിവാസം ഉറപ്പാക്കും", മുഖ്യമന്ത്രി പറഞ്ഞു.
അതിജീവിതർക്ക് വേണ്ട അടിയന്തര സഹായം സർക്കാർ ലഭ്യമാക്കും. കോഴിക്കോട് വിലങ്ങാടുണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിലും വലിയ നഷ്ടമാണുണ്ടായത്. പുനരധിവാസ പ്രവർത്തനത്തിന് പൂർണപിന്തുണ നൽകണമെന്നും മുഖ്യമന്ത്രി സഭയോട് അഭ്യർത്ഥിച്ചു.
Also Read: നിയമസഭാ സമ്മേളനം ആരംഭിച്ചു; വയനാട്-വിലങ്ങാട് ദുരന്തത്തിൽ മരിച്ചവർക്ക് ചരമോപചാരം അർപ്പിച്ചു
മുഖ്യമന്ത്രിയോട് പൂർണ്ണമായി യോജിച്ച പ്രതിപക്ഷ നേതാവ് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും ഒരുകാലത്തും ഇല്ലാത്ത പൂർണപിന്തുണ പ്രതിപക്ഷത്തു നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടി.
ദുരിതാശ്വാസ പ്രവർത്തനം മന്ദഗതിയിൽ ആവരുത്. മാതൃകാപരമായ ദുരിതാശ്വാസ പ്രവർത്തനമായി മാറണമെന്നും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ഭാരിച്ച ചെലവ് ഉണ്ടാകും. കേന്ദ്ര സഹായം ലഭിക്കാത്തത് ദൗർഭാഗ്യകരമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനത്തിന് പ്രതിപക്ഷത്തിന്‍റെ പൂർണപിന്തുണയുണ്ടാകുമെന്നും വി.ഡി. സതീശന്‍ ഉറപ്പുനല്‍കി.
കേരളം ഇന്ന് അപകടമേഖലയിൽ ആണെന്ന മുന്നറിയിപ്പും പ്രതിപക്ഷ നേതാവ് പങ്കുവെച്ചു. തീരപ്രദേശവും പശ്ചിമഘട്ട മലനിരകളും അപകടത്തിലാണ്. കൂടുതൽ മഴപെയ്താൽ ഏത് നഗരവും വെള്ളത്തിനടിയിൽ ആകുന്ന സ്ഥിതിയിലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.