സിപിഐ നേതാവ് പി. രാജുവിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

സിപിഐ നേതാവ് പി. രാജുവിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

രണ്ടുതവണ പറവൂരിൽ നിന്ന് നിയമസഭാംഗമായിരുന്ന അദ്ദേഹം മികച്ച സമാജികനായിരുന്നു എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു
Published on


സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായിരുന്ന പി. രാജുവിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രണ്ടുതവണ പറവൂരിൽ നിന്ന് നിയമസഭാംഗമായിരുന്ന അദ്ദേഹം മികച്ച സമാജികനായിരുന്നു എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചയോടെയാണ് അന്തരിച്ചത്.


കാൻസർ രോഗത്തെ തുടർന്ന് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു പി.രാജു. രോഗാവസ്ഥ കൂടിയതോടേ ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം അന്തരിച്ച സിപിഐ നേതാവ് പി. രാജുവിന് പാർട്ടിയിൽ നിന്ന് നീതി ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കേണ്ട ആവശ്യമില്ലെന്നും കുടുംബം നിലപാട് എടുത്തു.

സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയാണ് പി.രാജു. പാർട്ടി സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. 1991 ലും 1996 ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവസാന കാലത്ത് പാർട്ടിയുമായി ഇടഞ്ഞ പി. രാജു പൊതുമണ്ഡലത്തിൽ സജീവമായിരുന്നു. സംസ്കാരം നാളെ പറവൂരിലെ വീട്ട് വളപ്പിൽ നടക്കും.



പി. രാജുവിന്റെ നിര്യാണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അനുശോചനം രേഖപ്പെടുത്തി. രണ്ടുതവണ വടക്കൻ പറവൂരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മികച്ച സാമാജികനായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കായി അഹോരാത്രം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

News Malayalam 24x7
newsmalayalam.com