
2024 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ മത്സരിക്കുമെന്ന് കോൺഗ്രസ് എംപി കുമാരി സെൽജ സ്ഥിരീകരിച്ചു. "അതെ. മുഖ്യമന്ത്രിയാകാൻ മത്സരിക്കുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ട്... എന്നാൽ അന്തിമ തീരുമാനം പാർട്ടി ഹൈക്കമാൻഡിൻ്റേതാണ്." കുമാരി സെൽജ എൻഡിടിവിയോട് പറഞ്ഞു.
കോൺഗ്രസിനൊപ്പമാണ് തങ്ങളുടെ ഭാവിയെന്ന് ഹരിയാനയിലെ ജനങ്ങൾക്കറിയാമെന്നും കുമാരി സെൽജ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ഗ്രൗണ്ട് ലെവൽ പ്രവർത്തനങ്ങളും വിജയത്തിലേക്ക് പരിവർത്തനം ചെയ്യുമെന്നും കുമാരി സെൽജ പ്രത്യാശ പ്രകടിപ്പിച്ചു.
ഹിന്ദി ഹൃദയഭൂമിയിൽ തുടർച്ചയായ മൂന്നാം വിജയത്തിനായി ശ്രമിക്കുന്ന ഭാരതീയ ജനതാ പാർട്ടിയെ അട്ടിമറിക്കാനുള്ള തന്റെ സാധ്യതകളെക്കുറിച്ചും സെൽജ പറഞ്ഞു. "ഒരു ക്ഷീണം ഉണ്ടാകുന്നത് സ്വാഭാവികമാണ്, പക്ഷെ ബിജെപിയുടെ ദുർഭരണം തെരഞ്ഞെടുപ്പിൽ വലിയ ഘടകമാകും." സെൽജ കൂട്ടിച്ചേർത്തു.
രാജ്യം കാത്തിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കവെ, ലീഡ് നില മാറി മറിയുകയാണ്. ആദ്യ മണിക്കൂറുകളിൽ കോൺഗ്രസ് ട്രെൻഡ് അലയടിച്ചിരുന്നെങ്കിലും രണ്ട് മണിക്കൂറിന് ശേഷം ബിജെപി നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. നിലവിൽ 47 സീറ്റിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. 36 ഇടത്ത് കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്. നാലിടത്ത് സ്വതന്ത്ര സ്ഥാനാർഥികളാണ് മുന്നിട്ടുനിൽക്കുന്നത്.