കൊള്ളേണ്ടിടത്ത് കൊള്ളുന്ന വാക്കുകളായിരുന്നു യെച്ചൂരിയുടേത്; പ്രിയ സഖാവിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

രാജ്യത്തെ അനേകം പ്രക്ഷോഭങ്ങളിൽ യെച്ചൂരിയുടെ കൂടി പങ്കുണ്ടായിരുന്നു. കർഷക പ്രക്ഷോഭത്തിലടക്കം അതീവ ശ്രദ്ധയോടെയാണ് അദ്ദേഹം പ്രവർത്തനങ്ങൾ നടത്തിയത്
കൊള്ളേണ്ടിടത്ത് കൊള്ളുന്ന വാക്കുകളായിരുന്നു യെച്ചൂരിയുടേത്; പ്രിയ  സഖാവിനെ    അനുസ്മരിച്ച്  മുഖ്യമന്ത്രി
Published on

അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് ഇടതു നേതാക്കൾ. രാജ്യത്തിൻ്റെ പൊതുവായ ചിത്രമാകെ ഉൾക്കൊള്ളാൻ യെച്ചൂരിക്ക് കഴിഞ്ഞുവെന്നും കൊള്ളേണ്ടിടത്ത് കൊള്ളുന്ന വാക്കുകളായിരുന്നു യെച്ചൂരിയുടേതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തെ അനേകം പ്രക്ഷോഭങ്ങളിൽ യെച്ചൂരിയുടെ കൂടി പങ്കുണ്ടായിരുന്നു. കർഷക പ്രക്ഷോഭത്തിലടക്കം അതീവ ശ്രദ്ധയോടെയാണ് അദ്ദേഹം പ്രവർത്തനങ്ങൾ നടത്തിയത്. ചെറുപ്പം മുതൽ യെച്ചൂരിയുടെ നേതൃശേഷി വലിയ തോതിൽ അംഗീകരിക്കപ്പെട്ടിരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പൊതുസമൂഹം അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്ന പൊതുപ്രവർത്തകനും പ്രമുഖ ബുദ്ധിജീവികളിൽ ഒരാളുമായിരുന്നു യെച്ചൂരിയെന്നും അദ്ദേഹം അനുസ്മരണ പ്രഭാഷണത്തിനിടെ പറഞ്ഞു. എല്ലാവരോടും സമഭാവേന പെരുമാറിയിരുന്ന യെച്ചൂരി കേരളത്തിലെ പാർട്ടിയുമായി ഊഷ്മളമായ ബന്ധം നിലനിർത്തിയിരുന്നു. പെട്ടെന്ന് നികത്താവുന്ന നഷ്ടമല്ല സിപിഎമ്മിന് ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

യെച്ചൂരി അതിസമർത്ഥനായ രാഷ്ട്രീയ നേതാവായിരുന്നുവെന്ന് എസ് രാമചന്ദ്രൻ പിള്ള അനുസ്മരിച്ചു. മാതൃകാ പോരാളിയുടെ ചിത്രമാണ് യെച്ചൂരിയുടേതെന്നും ശവകുടീരത്തിലിരിക്കുമ്പോഴും യെച്ചൂരിയുടെ വാക്കുകൾ ആരും മറക്കില്ലെന്ന് പന്ന്യൻ രവീന്ദ്രൻ അനുസ്മരണ വേളയിൽ പറഞ്ഞു.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ വെച്ചായിരുന്നു സീതാറാം യെച്ചൂരി  അന്തരിച്ചത്. വിദ്യാർഥികൾക്ക് പഠനത്തിനായി സ്വന്തം ശരീരം സമർപ്പിക്കുക എന്നത് അദ്ദേഹത്തിൻ്റെ ആഗ്രഹമായിരുന്നു.  യെച്ചൂരിക്ക് അന്ത്യഘട്ടത്തിൽ ചികിത്സ നൽകിയ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് തന്നെയാണ് മൃതശരീരം കൈമാറിയത്.

2015 മുതല്‍ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്നു സീതാറാം യെച്ചൂരി. ജെഎൻയുവിൽ ചേർന്നതോടെ ജീവിതം വഴിമാറി. 1974ൽ എസ്എഫ്ഐ, 75ൽ സിപിഐഎം അംഗത്വം. പിന്നെ അടിയന്തരാവസ്ഥയിലെ അറസ്റ്റ്. പുറത്തുവന്ന് പിഎച്ച്ഡി ഗവേഷണം പാതിവഴിയിൽ ഉപേക്ഷിച്ചാണ് യെച്ചൂരി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലിറങ്ങിയത്. അദ്ദേഹത്തിൻ്റെ നിര്യാണ വാർത്തയറിഞ്ഞ ഉടൻ കേരളത്തിലുടനീളം സിപിഎം പതാകകൾ പകുതി താഴ്ത്തിക്കെട്ടിയിരുന്നു. ഒരാഴ്‌ച നീണ്ടുനിൽക്കുന്ന ദുഃഖാചരണവും മൗനജാഥകളും സംഘടിപ്പിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com