
മുഖ്യമന്ത്രിയുടേതായി വന്ന മലപ്പുറം പരാമർശത്തിൽ പോർമുഖം തുറന്ന് ഗവർണറും സർക്കാരും. രാജ്ഭവനിലേക്ക് ചീഫ് സെക്രട്ടറിയെയും ഡിജിപിയേയും വിളിച്ചുവരുത്താനുള്ള തീരുമാനം തടഞ്ഞ സർക്കാർ നടപടിയിൽ പ്രതിഷേധത്തിലാണ് ഗവർണർ. ഗവർണറുടേത് ഭരണഘടനാ വിരുദ്ധ നടപടി എന്ന നിലപാടിലുറച്ചു നിൽക്കുകയാണ് സർക്കാർ.
വിവാദമായ മലപ്പുറം പരാമർശത്തിൽ ഗവർണറുടെ വിശദീകരണം തേടൽ സ്വാഭാവിക നടപടിയായി സർക്കാർ കരുതുന്നില്ല. സർക്കാരിനെയും അതുവഴി മുഖ്യമന്ത്രിയെയും പ്രതിരോധത്തിൽ ആക്കാനുള്ള സംഘപരിവാർ നീക്കമായാണ് സർക്കാർ നീക്കത്തെ കാണുന്നത്. അതുകൊണ്ടുതന്നെ ഗവർണറുടെ രാഷ്ട്രീയ നീക്കത്തെ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് സർക്കാരിൻ്റെ തീരുമാനം.
സർക്കാർ അറിയാതെ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തി വിശദീകരണം തേടാനുള്ള നടപടി തടഞ്ഞതും അതിനാലെന്നാണ് സർക്കാരിൻറെ വിശദീകരണം. പി വി അൻവറിൻ്റെ ഫോൺ ചോർത്തൽ ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി ഗവർണർക്ക് അയച്ച മറുപടിക്കത്തിൽ വ്യക്തമാക്കുന്നു.
അതേസമയം മലപ്പുറം പരാമർശത്തിൽ കൃത്യമായ മറുപടി സർക്കാർ നൽകിയിട്ടുമില്ല. ഗവർണറും രണ്ടും കൽപ്പിച്ചു തന്നെ. താൻ ചോദിച്ച ചോദ്യങ്ങൾ രാഷ്ട്രപതിയെ ധരിപ്പിക്കാനാണെന്ന ഗവർണറുടെ മറുപടിക്കത്ത് സർക്കാരിനോടുള്ള കൃത്യമായ നിലപാട് വ്യക്തലാക്കലാണ്. ഒരു ഇടവേളയ്ക്കുശേഷം സർക്കാരും ഗവർണറും കൊമ്പുകോർക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് മലപ്പുറം വിവാദം നീങ്ങുന്നത് .