"80 വിജയ വർഷങ്ങൾ"; കേരളത്തിന്റെ ക്യാപ്റ്റന് ഇന്ന് പിറന്നാൾ

കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി കേരളരാഷ്ട്രീയം കറങ്ങിത്തിരിയുന്നത് പിണറായി വിജയൻ ഒറ്റപ്പേരിനെച്ചുറ്റിയാണ്
"80 വിജയ വർഷങ്ങൾ"; കേരളത്തിന്റെ ക്യാപ്റ്റന് ഇന്ന് പിറന്നാൾ
Published on


മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എൺപതാം പിറന്നാൾ. മൂന്നാംവട്ടവും പിണറായി വിജയൻ എന്നു സിപിഐഎം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ പിറന്നാൾ ദിനം കടന്നുവരുന്നത്. കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി കേരളരാഷ്ട്രീയം കറങ്ങിത്തിരിയുന്നത് പിണറായി വിജയൻ ഒറ്റപ്പേരിനെച്ചുറ്റിയാണ്. സിപിഐഎമ്മിന്‍റെ എതിരാളികൾ രാഷ്ട്രീയ തന്ത്രങ്ങളൊരുക്കുന്നതും ഈ വ്യക്തിയെ മുന്നിൽക്കണ്ടാണ്.

2006ൽ അധികാരമൊഴിയുമ്പോൾ, എസ്എൻസി ലാവ്ലിൻ കേസ് സിബിഐക്കു വിട്ട്, മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചെക്ക് വച്ചത് അന്നത്തെ പ്രതിപക്ഷ നേതാവിനല്ല, പാർട്ടി സെക്രട്ടറി പിണറായി വിജയനാണ്. ഇരുപതു വർഷങ്ങൾക്കിപ്പുറം പ്രതിപക്ഷം കച്ചമുറുക്കുന്നതും സിപിഐഎം എന്ന പാർട്ടിക്കെതിരേയല്ല, പിണറായി വിജയൻ എന്ന നായകനു നേരേയാണ്.

പിണറായി മുണ്ടയിൽ കോര‍ന്‍റേയും കല്യാണിയുടേയും മകൻ കടന്നുവന്ന വഴികൾ ഇന്ന് മലയാളികൾക്ക് മനപാഠമാണ്. ശാരദവിലാസം, പെരളശ്ശേരി സ്കൂളുകളും തലശ്ശേരി ബ്രണ്ണൻ കോളജും പിന്നിട്ട് തീവ്രരാഷ്ട്രീയത്തിന്‍റെ വഴിയിലേക്കുള്ള ആ ഇറക്കം ഏവർക്കും സുപരിചിതമാണ്. കെഎസ്എഫിനെയും കെവൈഎഫിനേയും നയിച്ച് പൊതുരാഷ്ട്രീയത്തിലേക്കുള്ള ആ വരവും സംഭവബഹുലമാണ്.


അടിയന്തരാവസ്ഥയുടെ ജയിൽ മുറകളിലേക്ക് പൊലീസ് പിടിച്ചുകൊണ്ടുപോയിട്ട് അടുത്തമാസം അരനൂറ്റാണ്ടു പൂർത്തിയാവുകയാണ്. ഇ.കെ. നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രി സ്ഥാനത്തേക്കും, ചടയൻ ഗോവിന്ദനെ പിന്തുടർന്ന് പാർട്ടി സെക്രട്ടറി പദവിയിലേക്കുമുള്ള ആ വരവും കാൽനൂറ്റാണ്ടു മുൻപായിരുന്നു. അവിടെ നിന്നാണ് കേരള രാഷ്ട്രീയം മാറി നടക്കാൻ തുടങ്ങിയത്.

നടപ്പിലും ഭാവത്തിലും പഴയതലമുറ കമ്യൂണിസ്റ്റുകാരുടെ കാർക്കശ്യമുണ്ടാകാം. പക്ഷേ, രണ്ടുതവണയും അധികാരത്തിലെത്തിയത് യുവതലമുറയുടെ പിന്തുണ വലിയതോതിൽ നേടിയാണ്. നിയമസഭയിലും വാർത്താ സമ്മേളനങ്ങളിലും മാത്രമല്ല വാക്കുകളുടെ ആ ചടുലത. ഇന്നും കേരളത്തിലെ പൊതുയോഗങ്ങളിലെ ഏറ്റവും വലിയ ക്രൌഡ് പുള്ളർ ആര് എന്ന ചോദ്യത്തിനും വേറൊരു ഉത്തരമില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com