രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ച് മുഖ്യമന്ത്രി; കോടികളുടെ ധൂർത്തെന്ന് വി.ഡി. സതീശൻ

സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾ വിവിധ ജില്ലകളിലായി പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നത്
രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ച് മുഖ്യമന്ത്രി; കോടികളുടെ ധൂർത്തെന്ന് വി.ഡി. സതീശൻ
Published on


രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷം കേക്ക് മുറിച്ച് ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർക്ക് കേക്ക് പങ്കിട്ട് നൽകി ലളിതമായിട്ടായിരുന്നു ആഘോഷം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾ വിവിധ ജില്ലകളിലായി പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നത്. ഒമ്പത് വർഷത്തെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് സർക്കാർ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

"ഈ സർക്കാർ അധികാരത്തിലെത്തിയിട്ട് നാലു വർഷം പൂർത്തിയാവുകയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാരും എന്നത് കണക്കിലെടുക്കുമ്പോൾ വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടെയും നവയുഗം പത്താമത്തെ വർഷത്തിലേയ്ക്ക് കടക്കുകയാണെന്ന് പറയാം". 2016-ൽ അധികാരമേൽക്കുമ്പോൾ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നിറവേറ്റാൻ സാധിക്കുന്ന അഭിമാനത്തോടെയും ചാരിതാർത്ഥ്യത്തോടെയുമാണ് ഈ വാർഷികത്തെ എതിരേൽക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

"അസാധ്യമെന്ന് കരുതി എഴുതിത്തള്ളിയ വികസനപദ്ധതികൾ യാഥാർത്ഥ്യമാക്കിയും വീടും ഭൂമിയും ഭക്ഷണവും ആരോഗ്യവും ഉൾപ്പെടെ ജനജീവിതത്തിന്റെ ഓരോ തലത്തിലും ക്ഷേമം ഉറപ്പുവരുത്തിയുമാണ് സർക്കാർ മുന്നോട്ടു പോകുന്നത്. പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളും മഹാമാരികളും നമുക്കു മുന്നിൽ വെല്ലുവിളികളുയർത്തി. പ്രതിസന്ധിയുടെ ഘട്ടങ്ങളിൽ നാടിനായി നിൽക്കേണ്ടവർ പലരും നമുക്കെതിരെ നിന്നു. വർഗീയ ശക്തികൾ ഭിന്നതകൾ സൃഷ്ടിച്ച് ദുർബലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ഓരോ ആപൽഘട്ടങ്ങളേയും ജനകീയ ജനാധിപത്യത്തിന്റെ മഹാമാതൃകകൾ ഉയർത്തി ജനങ്ങളും സർക്കാരും ഒന്നിച്ചു നിന്നു നേരിട്ടു" മുഖ്യമന്ത്രി പറഞ്ഞു.

"എന്നാൽ ഓരോ ആപൽഘട്ടങ്ങളേയും ജനകീയ ജനാധിപത്യത്തിന്റെ മഹാമാതൃകകൾ ഉയർത്തി ജനങ്ങളും സർക്കാരും ഒന്നിച്ചു നിന്നു നേരിട്ടു. ജീവിതനിലവാര സൂചികകളിൽ മാത്രമല്ല വ്യവസായ സൗഹൃദാന്തരീക്ഷത്തിലും രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കുമെന്ന് തെളിയിച്ചു. പശ്ചാത്തലസൗകര്യം, വ്യവസായം, സ്റ്റാർട്ടപ്പ്, ഉന്നത-പൊതുവിദ്യാഭ്യാസ മേഖലകൾ, പൊതുആരോഗ്യ രംഗം, കൃഷി, ടൂറിസം, ഭക്ഷ്യപൊതുവിതരണം, ഭൂവിതരണം, ജനക്ഷേമ പദ്ധതികൾ തുടങ്ങി എല്ലാ രംഗങ്ങളിലും അഭൂതപൂർവ്വമായ വളർച്ച ഇക്കാലയളവിൽ കേരളം കൈവരിച്ചു. എണ്ണമറ്റ ദേശീയ അന്തർദ്ദേശീയ അംഗീകാരങ്ങൾ നമ്മെ തേടിയെത്തിയെന്നും" മുഖ്യമന്ത്രി.

അതേസമയം, വാർഷികാഘോഷം കരിദിനമായി ആചരിക്കാനാണ് യുഡിഎഫിൻ്റെ തീരുമാനം. ബിന്ദുവിന് നേരിട്ട ദുരനുഭവവും, മലപ്പുറത്ത് ദേശീയപാത തകർന്നതും സർക്കാരിൻ്റെ വാർഷിക സമ്മാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കുറ്റപ്പെടുത്തി. സർക്കാർ കടത്തിൽ മുങ്ങി നിൽക്കുമ്പോഴാണ് വാർഷികത്തിൻ്റെ പേരിൽ കോടികളുടെ ധൂർത്ത് നടത്തുന്നതെന്നും വി.ഡി. സതീശൻ വിമർശിച്ചു.

സർക്കാർ ഖജനാവ് കാലി എന്നത് പ്രതിപക്ഷത്തിൻ്റെ വ്യാജ ആരോപണമല്ല. എല്ലാ മേഖലയിലും സാമ്പത്തിക പ്രതിസന്ധിയുണ്ട്. കേരളത്തിൽ സർക്കാരുണ്ടെന്ന ഫീൽ ജനങ്ങൾക്കില്ല. സർക്കാരിൻ്റെ ഏറ്റവും വലിയ ക്രൂരത മലയോര മേഖല ജനതയോടാണ്. വന്യമൃഗങ്ങൾക്ക് ഭക്ഷണമാകാൻ മലയോരക്കാരെ സർക്കാർ വിട്ടു കൊടുക്കുന്നു. സർക്കാരില്ലായ്മയാണ് സംസ്ഥാനം നേരിടുന്ന വെല്ലുവിളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിന് പാസ് മാർക്ക് നൽകാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. പ്രതിപക്ഷ പ്രവർത്തനത്തിന് 90 ശതമാനം മാർക്ക് നൽകും. ബിന്ദുവിനെ കള്ളക്കേസിൽ കുടുക്കി കള്ളിയെന്ന് വിളിച്ചു. നാലാം വർഷത്തിൽ സർക്കാർ എവിടെ നിൽക്കുന്നു എന്ന് തെളിയിക്കുന്നതാണിത് സണ്ണി ജോസഫ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com