വേനൽച്ചൂട് കനക്കുന്നു! എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം
വേനൽച്ചൂട് കനക്കുന്നു! എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Published on


സം‌സ്ഥാനത്ത് വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം. തൊഴിൽദായകർ ജോലിസമയം ക്രമീകരിക്കാൻ നടപടി സ്വീകരിക്കണം. കാൻസർ അടക്കമുള്ള രോഗങ്ങൾ ഉള്ളവർ പ്രത്യേകം ജാഗ്രത പാലിക്കണം. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.


മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം


വേനൽച്ചൂട് കനക്കുകയാണ്. പകൽ പുറത്തിറങ്ങുമ്പോൾ അതീവ ദുഷ്കരമായ സാഹചര്യം അനുഭവപ്പെടുന്നു. എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉയർന്ന തോതിൽ തുടർച്ചയായി അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിലേൽക്കുന്നത് സൂര്യാതപം ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകാം. സാരമായ പൊള്ളൽ ഏൽക്കാം.
ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവരും തൊഴിൽദായകരും ജോലിസമയം ക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ശ്രദ്ധിക്കണം. ചർമ, നേത്രരോഗങ്ങളോ ക്യാൻസറോ ഉള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രത പാലിക്കണം.

പകൽ ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കണം. ശരീരം മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണുചിതം. യാത്രാ ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജാഗ്രത പുലർത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com