
പ്രകൃതി ദുരന്തങ്ങളിൽ കിടപ്പാടവും കൃഷിയിടവും ഇല്ലാതാകുന്ന കർഷകരെയും ചേർത്തുപിടിക്കാൻ നമുക്കാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. "വയനാട് ദുരന്തത്തിൻ്റെ നടുക്കം വിട്ടുമാറിയിട്ടില്ല. ഉരുൾപൊട്ടലിൽ ഉറ്റവരും ഉടയവരും ജീവനോപാധികൾ നഷ്ടപ്പെട്ടവരും ഉൾപ്പെടെയുള്ളവരുടെ കൂട്ടത്തിൽ ധാരാളം കർഷകരുമുണ്ട്. കാർഷിക അഭിവൃദ്ധിക്കായി സമഗ്രമായ കർമ പദ്ധതികൾ ആവിഷ്കരിക്കാനും സാധിക്കണം" മുഖ്യമന്ത്രി പറഞ്ഞു. കർഷകദിനത്തിൽ ആശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന കൃഷി വകുപ്പ് തയാറാക്കിയ കാർഷിക സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ കതിർ ആപ്പ് ഇന്നു മുതൽ നിലവിൽ വരും. കർഷകർക്ക് കാർഷിക വിദഗ്ധരുമായി ആശയ വിനിമയം നടത്താമെന്നതാണ് ആപ്പിൻ്റെ പ്രത്യേകത. കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി എന്നതിന്റെ ചുരുക്ക പേരാണ് കതിർ. വെബ് പോർട്ടലായും, മൊബൈൽ ആപ്ലിക്കേഷനായും പ്രയോജനപ്പെടുത്താം. ആപ്പ് പൂർണതോതിൽ പ്രയോജനപ്പെടുത്തിയാൽ ഉൽപാദനോപാധികളുടെ ഉപയോഗം, നൂതന സാങ്കേതിക വിദ്യകളുടെ സഹായത്താൽ പരിമിതപ്പെടുത്താനാവും. ഇതിലൂടെ കാർഷിക ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് കൃഷിവകുപ്പിന്റെ പ്രതീക്ഷ.