ദേശീയപാത വികസനത്തിൽ ഉമ്മൻ‌ചാണ്ടി സർക്കാർ സമ്മർദങ്ങൾക്ക് വഴങ്ങി; ഇടതു സർക്കാർ ഇച്ഛാശക്തിയോടെ മുന്നേറി: മുഖ്യമന്ത്രി

നാടാകെ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ജനങ്ങളിൽ വലിയ സന്തോഷമാണ് കാണുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു
ദേശീയപാത വികസനത്തിൽ ഉമ്മൻ‌ചാണ്ടി സർക്കാർ സമ്മർദങ്ങൾക്ക് വഴങ്ങി; ഇടതു സർക്കാർ 
ഇച്ഛാശക്തിയോടെ മുന്നേറി: മുഖ്യമന്ത്രി
Published on

ദേശീയപാത വികസനത്തിൽ ഉമ്മൻ‌ചാണ്ടി സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ൽ ഇടത് സർക്കാർ അധികാരത്തിൽ വന്നപ്പോൾ നാഷണൽ ഹൈവേ അതോറിറ്റി പദ്ധതി തന്നെ ഉപേക്ഷിച്ചിരുന്നു. ചില ചെറിയ വിഭാഗങ്ങൾ നാട്ടിൽ നന്മയുമായി ബന്ധപ്പെട്ട ഏത് പുതിയ കാര്യം വരുമ്പോഴും എതിർക്കാൻ മുൻ പന്തിയിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കേണ്ടവർക്കിടയിൽ തന്നെ നടപ്പാക്കാൻ പാടില്ലെന്ന ചിന്താഗതിയുള്ളവർ ഉണ്ടാകും. അവരുടെ സമ്മർദ്ദത്തിന് ഉമ്മൻ‌ചാണ്ടി സർക്കാർ വഴങ്ങി. പക്ഷേ ഇടതു സർക്കാർ ഇച്ഛാശക്തിയോടുകൂടി മുന്നോട്ടുപോയിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെ എത്താനുള്ള റോഡുകൾ സഞ്ചാര യോഗ്യമല്ലായിരുന്നു. നാഷണൽ ഹൈവേയുടെ യഥാർത്ഥ ഗുണം നാടിന് അനുഭവിക്കാൻ കഴിഞ്ഞിരുന്നില്ല. നാട്ടിൽ വ്യത്യസ്ത അഭിപ്രായക്കാരും രാഷ്ട്രീയക്കാരും ഉണ്ടാകും. എന്നാൽ സർക്കാരിന്റെ ഉത്തരവാദിത്തം നാടിന്റെ വികസനം ഉറപ്പുവരുത്തലാണ്, മുഖ്യമന്ത്രി പറഞ്ഞു.



പദ്ധതി നിർവഹണത്തിൽ വിവിധ വകുപ്പുകൾ വേണ്ട രീതിയിൽ ആലോചന നടത്താതിരിക്കുമ്പോൾ ധനനഷ്ടം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മനോഹരമായ റോഡ് നിർമിക്കും, ഒരു കൂട്ടർ വന്ന് റോഡ് വെട്ടി പൊളിക്കും. വെട്ടിപ്പൊളിക്കുന്നത് അനാവശ്യമായാണെന്ന് പറയാൻ കഴിയില്ല. അതും ഒരു പദ്ധതിയുടെ ഭാഗമായിരിക്കും. എങ്കിലും വകുപ്പുകൾ തമ്മിൽ കൃത്യമായ ആലോചനകൾ നടന്നാൽ അത് സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാടാകെ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ജനങ്ങളിൽ വലിയ സന്തോഷമാണ് കാണുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

നാഷണൽ ഹൈവേ വികസനം നടപ്പിലാക്കണമെന്ന് ഇടതുമുന്നണി ഉറച്ച നിലപാടെടുത്തു. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനം വഹിച്ചു. നാടിനോട് പ്രതിബദ്ധത ഉള്ളവർ ഭരിക്കണം. എന്നാലേ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കപ്പെടുകയുള്ളുവെന്നും പിണറായി പറഞ്ഞു. നാട് കാലത്തിനു യോജിച്ച രീതിയിൽ വളരണം. സർവ്വതല സ്പർശിയായ വികസനമാണ് വേണ്ടത്. വികസനത്തിന്റെ സ്വാദ് എല്ലാവരും അനുഭവിക്കണം. ഏതെങ്കിലുമൊരു വരേണ്യ വിഭാഗം മാത്രം അനുഭവിക്കേണ്ടതല്ല വികസനമെന്നും ഒരുമയ്ക്കും ഐക്യത്തിനും കേരളം മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com