'എന്നെ പറ്റിച്ചോളൂ എന്ന് പറഞ്ഞ് അങ്ങോട്ടു സമീപിക്കരുത്; തട്ടിപ്പിൽ രാഷ്ട്രീയക്കാരുടെ പങ്കിനെപ്പറ്റി ഇപ്പോൾ പറയാനാകില്ല'; മുഖ്യമന്ത്രി

പ്രമുഖരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വിശ്വാസ്യത തേടിയായിരുന്നു പ്രതികൾ തട്ടിപ്പുനടത്തിയത്
'എന്നെ പറ്റിച്ചോളൂ എന്ന് പറഞ്ഞ് അങ്ങോട്ടു സമീപിക്കരുത്; തട്ടിപ്പിൽ രാഷ്ട്രീയക്കാരുടെ പങ്കിനെപ്പറ്റി ഇപ്പോൾ പറയാനാകില്ല'; മുഖ്യമന്ത്രി
Published on


പാതിവില തട്ടിപ്പിൽ ഇതുവരെ 1343 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 665 കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറി. മുഖ്യപ്രതികളുടെ അക്കൗണ്ട് കണ്ടെത്തി മരവിപ്പിക്കുകയും ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രമുഖരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വിശ്വാസ്യത തേടിയായിരുന്നു പ്രതികൾ തട്ടിപ്പുനടത്തിയത്. വിശ്വാസ്യത നേടിയെടുക്കാൻ കോഡിനേറ്റർമാരെയും ഫീൽഡ് സ്റ്റാഫുകളേയും നിയമിച്ചിരുന്നു. ആദ്യഘട്ടത്തിൽ പദ്ധതിയിൽ ചേർന്നവർക്ക് എല്ലാം സ്കൂട്ടർ നൽകി വിശ്വാസ്യത നേടിയെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തട്ടിപ്പിൽ രാഷ്ട്രീയക്കാർക്ക് പങ്കുണ്ടോ എന്ന് ഇപ്പോൾ പറയാൻ ആകില്ല. അന്വേഷണം പൂർത്തിയായാലേ അത്തരം വിവരങ്ങൾ ലഭ്യമാകുകയുള്ളു. നിയമപരമായ കാര്യങ്ങൾ പൂർത്തിയായാൽ മാത്രമേ തുക തിരിച്ചു നൽകുന്ന കാര്യങ്ങളിലേക്ക് കടക്കാൻ കഴിയൂ. സർക്കാർ ഇരകളുടെ താല്പര്യത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ശക്തമായ നടപടിയാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. തട്ടിപ്പിനിരയായവർ എല്ലായിടത്തും വലിയ തോതിലുണ്ട്. എന്നെ ഒന്ന് പറ്റിച്ചോളൂ എന്ന് പറഞ്ഞ് അങ്ങോട്ടു സമീപിക്കുന്ന അവസ്ഥ ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം തട്ടിപ്പുകളിൽ പൊലീസിനും പരിമിതി ഉണ്ടെന്നുള്ളത് വസ്തുതയാണ്. തട്ടിപ്പ് നടത്താൻ ഇടയുണ്ടെന്ന് കരുതി കേസെടുക്കാൻ ആകുമോ. ചാരിറ്റി പ്രവർത്തനം നല്ല രീതിയിൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. അതിനിടയ്ക്ക് ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തട്ടിപ്പുകാരുടെ മോഹന വാഗ്ദാനത്തിൽ കുടുങ്ങുന്നതാണ് തട്ടിപ്പുകാർക്ക് അവസരമുണ്ടാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. മോഹന വാഗ്ദാനത്തിൽ കുടുങ്ങാതിരിക്കാനുള്ള കരുതൽ സമൂഹത്തിൽ ഉണ്ടാകണം. അതിബുദ്ധിമാന്മാരും മിടുക്കന്മാരും ആണെന്നാണ് മലയാളികളുടെ പൊതു ധാരണ, എന്നാൽ ഏറ്റവും കൂടുതൽ കബിളിപ്പിക്കപ്പെടുന്നത് മലയാളികളാണെന്നും വി.ഡി സതീശൻ പറഞ്ഞു. പണം ഉണ്ടാക്കണമെന്ന അമിതമായി ആഗ്രഹമാണ് ഉത്തരം തട്ടിപ്പുകളിൽ പെടാൻ പ്രധാന കാരണമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com