രാജ്യത്തിന്റെ ഭരണഘടനയോട് സംഘപരിവാറിന് പരമ പുച്ഛം, കേന്ദ്ര സഹായം കേരളത്തിന് അർഹതപ്പെട്ടത്;  മുഖ്യമന്ത്രി പിണറായി വിജയൻ

ഞങ്ങൾ യാചിക്കുകയല്ല, അർഹതപ്പെട്ടതാണ് ചോദിക്കുന്നത്. അത് നൽകാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്
രാജ്യത്തിന്റെ ഭരണഘടനയോട് സംഘപരിവാറിന് പരമ പുച്ഛം, കേന്ദ്ര സഹായം കേരളത്തിന് അർഹതപ്പെട്ടത്;  മുഖ്യമന്ത്രി പിണറായി വിജയൻ
Published on


സംഘപരിവാറിനെതിരെയും ആർഎസ്എസിനെതിരെയും രൂക്ഷവിമർശനവുമായി മു​ഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ തലത്തിൽ യാതൊരു പങ്കും വഹിക്കാത്തവരാണ് രാജ്യത്തിന്റെ ഭരണത്തിലിരിക്കുന്നത്. ഇന്ത്യയുടെ മഹാത്മാക്കളായ നേതാക്കളെ എങ്ങനെ തമസ്കരിക്കാനാകും ഏതെല്ലാം രീതിയിൽ അപമാനിക്കാനാകും എന്നതാണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമിത്ഷായുടെ നാക്കിൽ നിന്നും പുറത്തു വന്നത്. അംബേദ്കറെയാണ് അപമാനിക്കാൻ ശ്രമിച്ചത്. എന്തുകൊണ്ടാണ് അംബേദ്കർക്കെതിരെ അത്തരത്തിൽ ഒരു പ്രസ്താവന നടത്തിയത്. സംഘപരിവാറിന്റെ മനസ്സിന് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടനയോട് സംഘപരിവാറിന് പരമ പുച്ഛമാണ്. മനുസ്മൃതിയാണ് അവർ അംഗീകരിക്കുന്നത്. മതനിരപേക്ഷത രാജ്യത്തിനു വേണ്ട എന്നതാണ് സംഘപരിവാറിൻ്റെ നിലപാട്. രാജ്യം മതാധിഷ്ഠിത രാഷ്ട്രം ആകണമെന്നതാണ് ആർഎസ്എസിൻ്റെ അഭിപ്രായമെന്നും മു​ഖ്യമന്ത്രി വിമർശിച്ചു. ജനാധിപത്യ രീതിയോട് അത്ര വലിയ ബഹുമാനമില്ല സംഘപരിവാറിന്. ജമാഅത്തെ ഇസ്ലാമിയും ഇതേ വാദമാണ് ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റിനെ എങ്ങനെ ഇല്ലാതാക്കാം എന്ന പ്രചരണം ദീർഘകാലമായി നടക്കുന്നത്. പാർട്ടിക്കെതിരെയുള്ള ആക്രമണങ്ങൾ എല്ലാ ഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തിന് ശരിയായ ദിശ ബോധം നൽകുന്നതിന് കമ്യൂണിസ്റ്റുകാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിലും കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികൾ അടങ്ങിയിരിക്കുന്നില്ല. ഏത് ഘട്ടത്തിലും കമ്മ്യൂണിസ്റ്റുകാരെ നിലംപരിശാക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ഭരണകാലത്ത് വലിയ കെടുതികളാണ് കേരളം അനുഭവിക്കേണ്ടി വന്നത്. മുണ്ടക്കൈ, ചൂരൽമല ദുരന്തം നടന്നപ്പോൾ എല്ലാരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പറന്നെത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. നേരത്തെയുണ്ടായ ദുരനുഭവം ഇവിടെ ആവർത്തിക്കില്ല എന്ന പ്രതീക്ഷയുണ്ടായി. പ്രളയം ഉണ്ടായപ്പോൾ ചില്ലിക്കാശ് കേന്ദ്രത്തിൽ നിന്നും കിട്ടിയില്ല. ആ ദുരനുഭവം വയനാട് ഉണ്ടാക്കില്ലെന്നായിരുന്നു പ്രതീക്ഷ. തിരക്കിനിടയിൽ പ്രധാനമന്ത്രി മറന്നുപോകുമോ എന്ന് കരുതി ഡൽഹിയിൽ പോയി കണ്ടു. എന്നാൽ ഇത്ര നാളായിട്ടും സഹായം ലഭിച്ചില്ലെന്നും മു​ഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സഹായമില്ലെന്നു മാത്രമല്ല തെറ്റായ കാര്യങ്ങളാണ് പറയുന്നത്. കണക്ക് കൊടുക്കാത്തതു കൊണ്ടാണ് സഹായം നൽകാത്തത് എന്ന് പറയുന്നത് തികച്ചും വസ്തുത വിരുദ്ധമായ കാര്യമാണെന്നും അദ്ദേഹം പറ‍ഞ്ഞു. എന്താണ് കേരളത്തിലുള്ള പ്രശ്നം. ദുരന്തം പലയിടങ്ങളിലും ഉണ്ടായി. കേരളം ഒഴികെ എല്ലാ ആളുകൾക്കും പണം കൊടുത്തില്ലേ. അവർക്ക് ഏതെങ്കിലും കണക്ക് കൈയിൽ കിട്ടിയ ശേഷമാണോ അവർക്ക് കൊടുത്തത്. എന്തുകൊണ്ട് ആ പട്ടികയിൽ കേരളം ഉൾപെട്ടില്ല. എന്താണ് കേരളത്തിന്റെ കുറവെന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു.

അവർക്ക് കൊടുത്തതിൽ പരാതിയില്ല. സംസ്ഥാനത്തെ ശത്രു പട്ടികയിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഞങ്ങൾ യാചിക്കുകയല്ല, അർഹതപ്പെട്ടതാണ് ചോദിക്കുന്നത്. അത് നൽകാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്. തലയിൽ കൈവച്ച് നിലവിളിച്ചിരിക്കില്ല. ഈ നാട് അതിജീവിക്കുമെന്നും മു​ഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്ന നല്ലൊരു ടൗൺഷിപ്പ് വയനാട് സ്ഥാപിക്കും. എല്ലാ കാര്യങ്ങൾക്കും വിശദമായ മൈക്രോ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. അർഹതപ്പെട്ട സഹായമാണ് ചോദിക്കുന്നത് അത് ഇനിയും ചോദിക്കും. കേരളത്തോട് കാണിക്കുന്ന ശത്രുത തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വിഴിഞ്ഞം തുറമുഖത്തെപ്പറ്റിയും അദ്ദേഹം പറഞ്ഞു. രണ്ടുവർഷം കഴിയുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ പോർട്ടായി മാറും. ആ തലത്തിലുള്ള രണ്ടാംഘട്ട പ്രവർത്തനത്തിലേക്ക് കടന്നിട്ടുണ്ട്. തുറമുഖത്തോട് അനുബന്ധമായി വലിയ തോതിലുള്ള വികസനം വരാൻ പോവുകയാണെന്നും മു​ഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനം ഇങ്ങനെ മുന്നോട്ടു പോകുമ്പോൾ എൽഡിഎഫിനെ തകർക്കാൻ ചിലർ ശ്രമിക്കുന്നു. ആർഎസ്എസിന്റെ വോട്ട് ഞങ്ങൾക്ക് വേണ്ട എന്ന് സിപിഎമ്മിന് പറയാൻ കഴിയും. കോൺഗ്രസിന് അത് കഴിയുമോ എന്നും പിണറായി വിജയൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com