'എനിക്ക് എന്തോ ഒളിക്കാന്‍ ഉണ്ടെന്ന പരാമര്‍ശം അടിസ്ഥാന രഹിതം, ദേശദ്രോഹ പരാമര്‍ശം നടത്തിയിട്ടില്ല'; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

കൂടുതൽ ചർച്ചയ്ക്ക് ഇല്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു
'എനിക്ക് എന്തോ ഒളിക്കാന്‍ ഉണ്ടെന്ന പരാമര്‍ശം അടിസ്ഥാന രഹിതം, ദേശദ്രോഹ പരാമര്‍ശം നടത്തിയിട്ടില്ല'; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്
Published on



ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. തനിക്കെന്തോ ഒളിക്കാൻ ഉണ്ടെന്ന ഗവർണറുടെ പരാമർശം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശദ്രോഹ പരാമർശം താൻ നടത്തിയിട്ടില്ല. പത്രം തന്നെ ഇക്കാര്യം തിരുത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് ഉണ്ടെങ്കിൽ തടയേണ്ടത് കേന്ദ്രസർക്കാർ ആണ്. സർക്കാർ അറിയാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനുള്ള നീക്കം തെറ്റാണ്. കൂടുതൽ ചർച്ചയ്ക്ക് ഇല്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

കള്ളക്കടത്ത് പണം കൊണ്ട് ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നെങ്കിൽ എന്തുകൊണ്ട് തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ചോദിച്ചിരുന്നു. പിആര്‍ ഏജന്‍സിയെ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ എന്തുകൊണ്ട് കേസ് കൊടുത്തില്ല എന്നും ഗവർണർ ചോദിച്ചിരുന്നു.

'ദ ഹിന്ദു'വിലെ മലപ്പുറം പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു. സംഭവത്തില്‍ വിശദാംശങ്ങള്‍ തേടി മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മലപ്പുറം പരാമര്‍ശത്തില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറുകുന്നതിനിടെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഗവര്‍ണർക്ക് കത്തയച്ചിരിക്കുന്നത്.

ഒരു ഇടവേളയ്ക്കുശേഷം സര്‍ക്കാരും ഗവര്‍ണറും കൊമ്പുകോര്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് മലപ്പുറം വിവാദം നീങ്ങുന്നത്. രാജ്ഭവനിലേക്ക് ചീഫ് സെക്രട്ടറിയെയും ഡിജിപിയേയും വിളിച്ചുവരുത്താനുള്ള തീരുമാനം തടഞ്ഞ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധത്തിലാണ് ഗവര്‍ണര്‍. എന്നാല്‍ ഗവര്‍ണറുടേത് ഭരണഘടനാ വിരുദ്ധ നടപടി എന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍.

സര്‍ക്കാര്‍ അറിയാതെ ചീഫ് സെക്രട്ടറിയെയും ഡിജിപിയേയും വിളിച്ചുവരുത്തി വിശദീകരണം തേടാനുള്ള നടപടി തടഞ്ഞതും അതിനാലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. പി.വി. അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച മറുപടിക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിവാദമായ മലപ്പുറം പരാമര്‍ശത്തില്‍ ഗവര്‍ണറുടെ വിശദീകരണം തേടല്‍ സ്വാഭാവിക നടപടിയായി സര്‍ക്കാര്‍ കരുതുന്നില്ല. സര്‍ക്കാരിനെയും അതുവഴി മുഖ്യമന്ത്രിയെയും പ്രതിരോധത്തില്‍ ആക്കാനുള്ള സംഘപരിവാര്‍ അജണ്ടയായാണ് സര്‍ക്കാര്‍ ഈ നീക്കത്തെ കാണുന്നത്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com