
മോസ്കോയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ റഷ്യൻ ആണവ സുരക്ഷാ സേനാ മേധാവി ഇഗോർ കിരിലോവ് കൊല്ലപ്പെട്ടു. യുക്രൈയ്‌നിൽ റഷ്യ നടത്തിയ രാസായുധ പ്രയോഗത്തിന് നേതൃത്വം നൽകിയത് കിരിലോവാണെന്ന ആരോപണം നിലനിൽക്കെയാണ് ബോംബ് സ്‌ഫോടനം നടന്നത്. ഇയാൾക്കെതിരെ യുക്രൈയ്‌ൻ യുദ്ധക്കുറ്റം ചുമത്തിയിരുന്നു. കിരിലോവിൻ്റെ നേതൃത്വത്തിൽ റഷ്യ ഏകദേശം 5,000 തവണ രാസായുധം പ്രയോഗിച്ചെന്നായിരുന്നു യുക്രൈയ്ൻ്റെ സെക്യൂരിറ്റി സർവീസിൻ്റെ പ്രധാന ആരോപണം. അതേസമയം സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം യുക്രൈൻ ഏറ്റെടുത്തു.
റഷ്യയിലുള്ള ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥരിലാരാളാണ് ആണവ സുരക്ഷാ സേനാ മേധാവിയായ ഇഗോർ കിരിലോവ്. റഷ്യയുടെ ന്യൂക്ലിയർ, ബയോളജിക്കൽ, കെമിക്കൽ ഡിഫൻസ് ഫോഴ്സിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കൂടിയാണ്. കിരിലോവിൻ്റെ അപാർട്ട്മെൻ്റിന് പുറത്ത് ഇലക്ട്രിക് സ്കൂട്ടറിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം നടന്നത്. 300 ഗ്രാം സ്ഫോടകവസ്തു ഉപയോഗിച്ച് നടത്തിയ സ്ഫോടനം റിമോർട്ട് ഉപയോഗിച്ചാണ് നിയന്ത്രിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാസായുധപ്രയോഗം ആരോപണത്തെ തുടർന്ന് ബ്രിട്ടൺ, കാനഡ, ന്യൂസിലാൻഡ് രാജ്യങ്ങൾ കിരിലോവിനെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. യുക്രൈനിൽ രാസയുധം പ്രയോഗിച്ചതിലും വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നതിലും നേതൃത്വം നൽകിയെന്ന് ആരോപിച്ചാണ് ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയത്. ഒന്നാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച ക്ലോറോപിക്രിൻ ഉൾപ്പെടെ യുക്രൈനിൽ പ്രയോഗിച്ചുവെന്ന് റഷ്യ സമ്മതിച്ചതായും ബ്രിട്ടൺ വ്യക്തമാക്കിയിരുന്നു.
എന്നാൽ രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണം റഷ്യ നിഷേധിക്കുകയാണ് ചെയ്തത്. കോസ്ട്രോമ ഹയർ മിലിട്ടറി കമാൻഡ് സ്കൂൾ ഓഫ് കെമിക്കൽ ഡിഫൻസിൽ പഠനം പൂർത്തിയാക്കിയാണ് കിരിലോവ് സൈനിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. സൈനിക കരിയറിൽ വ്യത്യസ്ത പദവികളിൽ പ്രവർത്തിച്ച കിരിലോവ് 2017 ഏപ്രിലിലാണ് റഷ്യൻ ആണവ സുരക്ഷാസേനയുടെ തലപ്പത്തേക്ക് എത്തിയത്.