
ഇടുക്കി ഇരട്ടയാറിൽ ടണൽ മുഖത്ത് കനാലിൽ മുങ്ങിമരിച്ച മറ്റൊരു കുട്ടിയുടെയും മൃതദേഹം കണ്ടെടുത്തു. ഉപ്പുതറ സ്വദേശി 12 വയസുള്ള അസൗരേഷിന്റെ മൃതദേഹമാണ് കോൺക്രീറ്റ് ഗ്രില്ലിൽ തങ്ങിയനിലയിൽ കണ്ടെത്തിയത്. അസൗരേഷിന്റെ അമ്മയുടെ സഹോദരന്റെ മകൻ അതുലിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിരുന്നു. ഇരട്ടയാർ ചേലക്കൽകവല മയിലാടുംപാറ രവിയുടെ വീട്ടിൽ ഓണം ആഘോഷിക്കാൻ എത്തിയ കുട്ടികളാണ് കനാലിൽ വെള്ളത്തിൽ മുങ്ങിയത്. രവിയുടെ മക്കളുടെ കുട്ടികളാണ് ഇരുവരും.
വ്യാഴാഴ്ച രാവിലെയാണ് ഇരട്ടയാർ ഡാമിൻ്റെ ടണൽ മുഖത്തെ കനാലിൽ കുട്ടികൾ കുളിക്കാനിറങ്ങിയത്. രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങുന്നത് കണ്ട് കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി ഒരു കുട്ടിയെ കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കായംകുളം സ്വദേശി മൈലാടുംപാറ വീട്ടിൽ അമ്പാടി എന്ന് വിളിപ്പേരുള്ള 13 വയസുകാരൻ അതുലാണ് ഇന്നലെ മരിച്ചത്.
ഫയർ ആൻഡ് റെസ്ക്യൂ സംഘവും , സ്കൂബ ഡൈവർമാരും നാട്ടുകാരുമാണ് തെരച്ചിൽ നടത്തിയത്. ടണലിനുള്ളിൽ ഡ്രോൺ കടത്തിവിട്ടും പരിശോധന നടത്തിയിരുന്നു. മരിച്ച ഇരുവരുടെയും മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .