
കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്‍റെ കുട്ടിയുടെ പ്രതികരണമെടുത്ത യൂട്യൂബ് ചാനലിനെതിരെ കേസ്. മഴവിൽ കേരളം എന്ന യൂട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷനാണ് കേസെടുത്തത്. അവതാരക അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസെടുത്തത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് ബാലാവകാശ കമ്മീഷൻ നിർദേശം നൽകി.
പാലക്കാട് സ്വദേശി സിനിൽ ദാസിൻ്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പോക്സോ കേസിൻ്റെ പരിധിയിൽ വരുന്ന കുറ്റമാണ് അവതാരിക ചെയ്തതെന്നും പരാതിയിൽ പറയുന്നു. കുട്ടിയുടെ പ്രതികരണമെടുത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
അതിനിടെ പ്രതികൂല കാലവസ്ഥ തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി അർജുനായുള്ള തെരച്ചിൽ അവസാനിപ്പിക്കുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നദിയിലെ അടിയൊഴുക്ക് ശക്തമായ സാഹചര്യത്തിൽ മുങ്ങിയുള്ള പരിശോധന നടക്കില്ലെന്നും ദൗത്യത്തിൽ നിന്ന് പിന്മാറുകയാണെന്നും പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും മാധ്യമങ്ങളോട് പറഞ്ഞു. പാറക്കല്ലുകളും, ചെളിയും നീക്കാതെ ദൗത്യമായി മുന്നോട്ടു പേകാൻ സാധിക്കില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അർജുനായുള്ള തെരച്ചിൽ പതിമൂന്നാം ദിവസമെത്തിയപ്പോഴാണ് ഈശ്വര മാൽപെയുടെ പിന്മാറ്റം. കൂടാതെ അടുത്ത 21 ദിവസത്തേക്ക് ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ രക്ഷാദൗത്യം കൂടുതൽ ദുഷ്കരമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, താൽക്കാലികമായി ദൗത്യം നിർത്തുകയാണെന്ന പ്രഖ്യാപനത്തിൽ കേരളസർക്കാർ പ്രതിഷേധം ഇതിനോടകം കർണാടക സർക്കാരിനെ അറിയിച്ചു. അർജുനായുള്ള തെരച്ചിൽ നടത്തണമെന്നും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യോട് ആവശ്യപ്പെട്ടു. കത്തിലൂടെയാണ് കേരളത്തിൻ്റെ ആവശ്യം കർണാടക മുഖ്യമന്ത്രിയെ അറിയിച്ചത്.