
രാജസ്ഥാനിൽ മൂന്ന് ദിവസത്തോളം നീണ്ട രക്ഷാദൗത്യം വിഫലമാക്കി കുഴൽകിണറിൽ വീണ കുട്ടി മരിച്ചു.കളിക്കുന്നതിനിടെ 150 അടി താഴ്ചയുള്ള കുഴൽകിണറിലാണ് വീണത്. അബോധാവസ്ഥയിൽ പുറത്തെടുത്ത കുട്ടി മരിച്ചത് ആശുപത്രിയില്‍ എത്തിച്ച ശേഷം.55 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിങ്കളാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ദൌസയിൽ കലിഖാഡ് ഗ്രാമത്തിലെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് കുട്ടി 150 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണത്...കൃഷിയിടത്തിൽ തുറന്നു കിടന്ന നിലയിലായിരുന്നു കുഴൽക്കിണർ.കുട്ടിയുടെ അമ്മയുടെ മുമ്പിൽ വെച്ചായിരുന്നു സംഭവം.
പിന്നാലെ ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഓപ്പറേഷൻ ആര്യൻ എന്ന് പേരിട്ട ഈ രക്ഷാപ്രവർത്തനത്തിൽ കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുട്ടി 3 ദിവസമാണ് ഇത്തരത്തിൽ കുഴൽക്കിണറ്റിൽ കിടന്നത്.
ബദൽ മാർഗം എന്ന നിലയിൽ കുഴൽക്കിണറിന് സമീപം 150 അടി താഴ്ചയുള്ള ഒരു തുരങ്കവും രക്ഷാ സംഘം കുഴിച്ചിരുന്നു. ഇതിനിടയിൽ കുട്ടിക്ക് പൈപ്പ് വഴി ഓക്‌സിജൻ ലഭ്യമാക്കി. ഇത്തരത്തിൽ സാധ്യമായ എല്ലാ രീതിയിലും കുട്ടിയുടെ ജീവൻ നിലനിർത്താൻ അധികൃതർ ശ്രമിച്ചു.55 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും കുട്ടി അബോധാവസ്ഥയിലായിരുന്നു. പിന്നീട് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ നഷ്ടമാകുകയുമായിരുന്നു.