ശിശുക്ഷേമ സമിതിയില്‍ രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; മൂന്ന് ആയമാർ അറസ്റ്റില്‍

കുട്ടിയെ പരിചരിക്കാനായി മറ്റ് ആയമാർ എടുത്തപ്പോഴാണ് ശരീരത്തിലെ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്
ശിശുക്ഷേമ സമിതിയില്‍ രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു;   മൂന്ന് ആയമാർ അറസ്റ്റില്‍
Published on
Updated on

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ കിടക്കയിൽ മൂത്രം ഒഴിച്ചതിന് രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. സംഭവത്തില്‍ മൂന്ന് ആയമാരെ അറസ്റ്റ് ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ട മറ്റ് ആയമാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

108 ആയമാരാണ് ശിശുക്ഷേമ സമിതിയിലുള്ളത്. ഇവരെല്ലാംതന്നെ താല്‍ക്കാലിക ജീവനക്കാരാണ്. വർഷങ്ങളായി ആയമാരായി ജോലി ചെയ്തുവരുന്നവരാണ് അറസ്റ്റിലായ മൂന്ന് പേരും. ഇവരാണ് മുറിവേറ്റ കുട്ടിയെ സ്ഥിരമായി പരിപാലിച്ചിരുന്നത്. അമ്മ മരിച്ചതിനു പിന്നാലെ അച്ഛനും ജീവനൊടുക്കിയതിനെ തുടർന്നാണ് രണ്ടരവയസുകാരിയെ ശിശുക്ഷേമ സമിതിയില്‍ എത്തിച്ചത്. കുട്ടി സ്ഥിരമായി കിടക്കയില്‍ മൂത്രം ഒഴിക്കാറുണ്ടായിരുന്നു. ഇതിന്‍റെ പേരില്‍ അജിതയാണ് കുട്ടിയെ ഉപദ്രവിച്ചത്. മറ്റ് രണ്ട് പേർ ഈ വിവരം മറച്ചുവെയ്ക്കുകയായിരുന്നു.

കുട്ടിയെ പരിചരിക്കാനായി മറ്റ് ആയമാർ എടുത്തപ്പോഴാണ് ശരീരത്തിലെ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇവർ സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ വിവരം ശിശുക്ഷേമ സമിതി പൊലീസിനെ അറിയിച്ചു. മ്യൂസിയം പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ മൂന്ന് ആയമാരും കുറ്റം സമ്മതിച്ചു. ഇതിനെ തുടർന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

ഒരാഴ്ചക്കാലം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും പിരിച്ചു വിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി അറിയിച്ചു. ഈ വിഷയം ഇവിടെ കൊണ്ട് അവസാനിപ്പിക്കല്ലെന്നും കർശന നടപടികളുണ്ടാകുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. പിരിച്ചു വിട്ട ഏഴ് പേരും താല്‍ക്കാലിക ജീവനക്കാരാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. കുട്ടിയുടെ ആരോഗ്യ നിലയിൽ പ്രശ്നമില്ല. നുള്ളിയ പാടാണ് ഉള്ളതെന്നും വിശയം നിസാരവത്കരിക്കുന്നില്ലെന്നും അരുണ്‍ ഗോപി കൂട്ടിച്ചേർത്തു.

News Malayalam 24x7
newsmalayalam.com