'ബ്രാണ്ടിയുടെ വില കൂടും'; യൂറോപ്പില്‍ നിന്നുള്ള മദ്യത്തിന്‍റെ ഇറക്കുമതി താരിഫ് ഉയർത്തി ചൈന

ചൈനയുടെ നീക്കം വ്യാപാര പ്രതിരോധ നടപടികളുടെ ദുരുപയോഗമാണെന്നാണ് യുറോപ്യൻ കമ്മീഷന്‍റെ നിലപാട്
'ബ്രാണ്ടിയുടെ വില കൂടും'; യൂറോപ്പില്‍ നിന്നുള്ള മദ്യത്തിന്‍റെ  ഇറക്കുമതി താരിഫ് ഉയർത്തി  ചൈന
Published on

യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ നിന്നുള്ള ബ്രാന്‍ഡിയുടെ ഇറക്കുമതി താരിഫ് വർധിപ്പിച്ച് ചൈന. ഇത്തരം ബ്രാന്‍ഡികള്‍ക്ക് 30.6 ശതമാനം മുതൽ 39 ശതമാനം വരെ താൽക്കാലിക താരിഫുകൾ ചുമത്തുമെന്ന് ചൈനീസ് സർക്കാർ പ്രഖ്യാപിച്ചു. ചൈനീസ് ഇലക്ട്രിക്ക് വാഹനങ്ങളുടെ ഇറക്കുമതി താരിഫ് യൂറോപ്യൻ യൂണിയൻ  ഉയർത്തിയതിന് പിന്നാലെയാണ് ഈ നീക്കം. യൂറോപ്യന്‍ കമ്മീഷനുമായി സഹകരിച്ച് ചൈനയുടെ നീക്കത്തിനെതിരെ ലോക വ്യാപാര സംഘടനയെ സമീപിക്കാനാണ് ഫ്രാൻസിന്‍റെ തീരുമാനം.

ചൈനയുടെ നീക്കം വ്യാപാര പ്രതിരോധ നടപടികളുടെ ദുരുപയോഗമാണെന്നാണ് യൂറോപ്യൻ കമ്മീഷന്‍റെ നിലപാട്. ഇലക്‌ട്രിക് വാഹനങ്ങൾക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ നികുതിയും ആഗോള വ്യാപാര നിയമങ്ങളുടെ ലംഘനമാണെന്നാണ് ചൈനയുടെ മറുവാദം. രാജ്യത്തെ ആഭ്യന്തര ഉൽപ്പാദകരെ സംരക്ഷിക്കാനുള്ള നടപടിയാണിതെന്നും ചൈന വിശദീകരിച്ചു. 


ചൈനയുടെ നീക്കം വൻകിട ബ്രാൻഡുകളെ ഉൾപ്പടെ മോശമായി ബാധിക്കുമെന്നാണ് മേഖലയിലെ ഫ്രഞ്ച് നിർമാതാക്കളുടെ അഭിപ്രായം. താരിഫ് വർധിക്കുന്നതോടെ വന്‍ തുക മുടക്കിയാല്‍ മാത്രമേ യൂറോപ്യന്‍ മദ്യങ്ങള്‍ ചൈനക്കാർക്ക് ആസ്വദിക്കാന്‍ സാധിക്കൂ. ഇതോടെ ഇത്തരം ബ്രാന്‍ഡുകളുടെ ഉപഭോക്താക്കളിലും വന്‍കുറവ് സംഭവിക്കും. ഇത് പല കമ്പനികളുടെയും ഓഹരികളില്‍ ഇടിവ് വരാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.

Also Read: കോവിഡ് കിറ്റ് കൈമാറ്റം, നിരവധി ഫോണ്‍കോളുകള്‍; ട്രംപ്-പുടിന്‍ ബന്ധത്തില്‍ വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകന്‍റെ പുസ്തകം


ചൈനയിൽ ഇറക്കുമതി ചെയ്യുന്ന 99 ശതമാനം മദ്യവും ഫ്രാൻസിൽ നിന്നാണ് എത്തുന്നത്. ചൈന ഇറക്കുമതി താരിഫ് വർധിപ്പിക്കുന്നത് ഫ്രാൻസിലെ മദ്യവ്യവസായത്തെ മോശമായി ബാധിക്കും. അതുകൊണ്ടുതന്നെ ഫ്രാൻസിലെ വ്യവസായികള്‍ ചൈനയുടെ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, യുറോപ്യൻ യൂണിയനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പോർക്ക്, ഡയറി ഉൽപ്പന്നങ്ങൾ, കാറുകൾ ഉൾപ്പെടെയുള്ളവയ്ക്ക് നികുതി വർധിപ്പിക്കാനുള്ള ആലോചനയിലാണ് ചൈന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com