പകരം ചുങ്കത്തിൽ ട്രംപിന് ചൈനയുടെ മറുപടി; യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ഏർപ്പെടുത്തി

യുഎസിലേക്കുള്ള ചില റെയർ എർത്ത് മൂലകങ്ങളുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ചൈന തീരുമാനിച്ചു
ഷി ജിന്‍പിങ്, ഡൊണാള്‍ഡ് ട്രംപ്
ഷി ജിന്‍പിങ്, ഡൊണാള്‍ഡ് ട്രംപ്
Published on

പകരം ചുങ്കത്തിൽ യുഎസിന് മറുപടിയുമായി ചൈന. ഏപ്രിൽ 10 മുതൽ യുഎസ് ഉത്പന്നങ്ങളുടെ എല്ലാ ഇറക്കുമതിക്കും 34 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ചൈന വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ചൈനീസ് ഉത്പന്നങ്ങൾക്ക് യുഎസ് പുതിയ തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്നാണ് നടപടി. യുഎസിലേക്കുള്ള ചില റെയർ എർത്ത് മൂലകങ്ങളുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ചൈന തീരുമാനിച്ചതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.


മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗിൽ സാധാരണയായി ഉപയോഗിക്കുന്ന ഗാഡോലിനിയം, ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോ​ഗിക്കുന്ന യിട്രിയം എന്നിവയുൾപ്പെടെ ഏഴ് റെയർ എർത്ത് മൂലകങ്ങളുടെ കയറ്റുമതിയിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. യുഎസിന്റെ താരിഫുകൾക്കെതിരെ ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) ചൈന കേസ് ഫയൽ ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

ചൈന അടക്കമുള്ള രാജ്യങ്ങൾക്കെതിരെ യുഎസ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോളതലത്തില്‍ ഓഹരി വിപണികളിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ചൈനയും തിരിച്ചടി താരിഫുകൾ പ്രഖ്യാപിച്ചതോടെ വിപണിയിലെ മാന്ദ്യം രൂക്ഷമാകുകയാണ്. ലണ്ടനിൽ, എഫ്‌ടി‌എസ്‌ഇ 100 വ്യാപാരം ആരംഭിച്ചതിനുശേഷം 313 പോയിന്റ് ( 3.7%) കുറഞ്ഞ് 8173 പോയിന്റിലെത്തി. 2023 മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവായിരിക്കും ഇത്. യുഎസ് ഓഹരി വിപണിയുടെ അളവുകോലായ എസ് & പി 500 സൂചിക വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 2.48 ശതമാനം ഇടിഞ്ഞ് (133 പോയിന്റ്) 5,262.68 ലെത്തി. 30 വലിയ യുഎസ് കമ്പനികളെ ട്രാക്ക് ചെയ്യുന്ന ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 982 പോയിന്റ് ഇടിഞ്ഞ് (2.4 ശതമാനം) 39,563 പോയിന്റിലെത്തി.

ചൈനയെ കൂടാതെ മറ്റ് പല രാജ്യങ്ങൾക്കും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം അധിക ചുങ്കം ഏർപ്പെടുത്തിയിട്ടുണ്ട്. യുഎസ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ചുമത്തിയത് 26 ശതമാനം നികുതിയാണ്. ദക്ഷിണകൊറിയയ്ക്ക് 25 ശതമാനം. ജപ്പാന് 24 ശതമാനം. യൂറോപ്യൻ യൂണിയന് 20 ശതമാനം. ഇങ്ങനെ അകന്നു നിൽക്കും തോറും കൂടുതൽ നികുതിയാണ് എന്ന് കണക്കാക്കിയാൽ സ്വാഭാവികമായും ചൈനയാണ് ഏറ്റവും അകലെ. 54 ശതമാനം നികുതിയാണ് ചൈനയ്ക്കു ചുമത്തിയിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com