
ചൈനയുടെ അത്യാധുനിക ആണവ അന്തര്‍വാഹിനി നിര്‍മാണത്തിലിരിക്കെ മുങ്ങിത്താഴ്ന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുമായി സമുദ്ര സൈനിക ശക്തിയില്‍ തുല്യത നേടാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് ഈ സംഭവം തിരിച്ചടിയാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ മെയ് അല്ലെങ്കില്‍ ജൂണില്‍ വുഹാനിലെ വുചാങ് കപ്പല്‍ശാലയിലാണ് സംഭവം നടന്നത്. അതേസമയം , ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് ചൈന വിഷയം മറച്ചുപിടിക്കാന്‍ ശ്രമിച്ചെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. അതേസമയം, വാഷിംഗ്ടണിലെ ചൈനീസ് അംബാസിഡര്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ തയാറായില്ല.
അന്തര്‍വാഹനി മുങ്ങാന്‍ ഉണ്ടായ സാഹചര്യമെന്താണെന്നോ, ഈ സമയം മുങ്ങിക്കപ്പലില്‍ ആണവ ഇന്ധനം ഉണ്ടായിരുന്നു എന്നോ വ്യക്തമല്ലെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം മുങ്ങിക്കപ്പല്‍ കണ്ടെത്തിയെന്നും ഇത് പൂര്‍വ സ്ഥിതിയിലേക്ക് എത്തിക്കാന്‍ മാസങ്ങളെടുത്തേക്കും എന്നാണ് വാള്‍സ്ട്രീറ്റ് ജേണലിന്‍റെ റിപ്പോര്‍ട്ട് .
ലോകത്തിലെ ഏറ്റവും വലിയ നാവിക സേന ശക്തികളിലൊന്നാണ് ചൈന. 370-ലധികം കപ്പലുകൾ ഉള്ള രാജ്യം പുതിയ തലമുറ ആണവ-സായുധ അന്തർവാഹിനികളുടെ നിർമാണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സൈനിക ശേഷി വികസിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പുതിയ ഫസ്റ്റ്-ഇൻ-ക്ലാസ് ആണവ-പവർ അറ്റാക്ക് അന്തര്‍വാഹിനി മുങ്ങിതാഴ്ന്നത് ചൈനയ്ക്ക് തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.