
ദൈവങ്ങൾ ആകാശത്താണെന്നാണ് പൊതുവെ പറഞ്ഞ് പ്രചരിപ്പികുന്നത്. അങ്ങനെ ആകാശത്തുള്ള ദൈവങ്ങൾ യാത്ര ചെയ്യാൻ ഫ്ലൈറ്റിൽ കയറുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കിയലോ. കേട്ടവർ കേട്ടവർ ആലോചിച്ച് വശം കെടുന്ന കാര്യമാണ്. എന്നാൽ കൺഫ്യൂഷൻ വേണ്ട. ചൈനയിൽ നിന്ന് രണ്ടു ദേവതമാർ തായ്‌വാൻ സന്ദർശനത്തിന് തിരിച്ച വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. അതേതാ ആ ദേവതമാർ എന്നായിരിക്കും അടുത്ത സംശയം.
മതപരമായ ചടങ്ങുകൾക്കായി സിയാമെനിൽ നിന്ന് തായ്‌വാനിലേക്ക് കൊണ്ടുപോകുന്ന ദേവതയുടെ രണ്ട് ചൈനീസ് പ്രതിമകളാണ് ഇപ്പോൾ വാർത്തകളിലെ താരം. പ്രതിമകളായാലെന്താ,'കടലിന്റെ ദേവത' എന്നറിയപ്പെടുന്ന മാസുവിന്റെ രണ്ട് പ്രതിമകൾക്കാണ് തായ്‌വാൻ സന്ദർശനത്തിന് പുറപ്പെട്ടത്. പ്രതിമകളാണെങ്കിലും രണ്ടിനും പ്രത്യേകം ബോഡിംഗ് പാസുകളാണ് എയർലൈൻസ് അധികൃതർ നൽകിയത്. 'ലിൻ മോ' എന്ന പേരിൽ പ്രത്യേക ബോർഡിംഗ് പാസുകളാണ് ഇരുവർക്കും നൽകിയത്.
പേരുകൾ രേഖപ്പെടുത്തിയ ബോർഡിംഗ് പാസ് മാത്രമല്ല. ഫ്ലൈറ്റിലും പുറത്തും സുരക്ഷിതമായ ഇരിപ്പിടങ്ങളും ഒരുക്കിയിരുന്നു. പ്രത്യേക ചെക്ക്-ഇൻ കൗണ്ടറുകൾ, പ്രത്യേക കാത്തിരിപ്പ് കേന്ദ്രം, ഫാസ്റ്റ് ട്രാക്ക് സുരക്ഷാ സ്ക്രീനിംഗ് ലെയ്ൻ, സേവനസന്നദ്ധരായി എയർ ഹോസ്റ്റസുകൾ എന്നിങ്ങനെ ദേവതയ്ക്ക് സ്പെഷ്യൽ ക്ലാസ് സർവീസ് തന്നെ എയർസൈൻസ് അധികൃതർ ഒരുക്കിയിരുന്നു.
ചൈനീസ് വിശ്വാസം അനുസരിച്ച് മാസു വളരെ ശക്തിയുള്ള ദേവതയാണെന്നാണ് കഥകൾ. ശത്രുക്കളെ തുരത്തി നാടിനെ സംരക്ഷിക്കാൻ പൊരുതിയതോടെ മാസുവിൻ്റെ മുഖം കറുത്തുവെന്നാണ് ഐതീഹ്യം. എന്നാൽ അതേ ദേവതയുടെ പിങ്ക് നിറത്തിലുള്ള മുഖവും ആരാധിക്കപ്പെടുന്നു.
ഈ ലിൻ മോ പേരിനു പിന്നിൽ മറ്റൊരു ഐതീഹ്യം ഉണ്ട്. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ മെയ്‌ഷോ ദ്വീപിൽ ജനിച്ച 'ലിൻ മോ ആണ് പിന്നീട് മാസുവായി അറിയപ്പെട്ടത്. ആളുകളുടെ രോഗം ഭേദമാക്കുക, കാലാവസ്ഥ പ്രവചിക്കുക തുടങ്ങിയ അസാധാരണമായ കഴിവുകൾ അവർക്കുണ്ടായിരുന്നു, അങ്ങനെയാണ് മാസു എന്ന പേരിൽ അവരെ അരാധിച്ചു തുടങ്ങിയത്. മത്സ്യത്തൊഴിലാളികളുടെയും നാവികരുടെയും സംരക്ഷക എന്ന പേരിലാണ് പ്രധാനമായും അറിയപ്പെടുന്നത്.
മാർച്ച് 29 -നാണ് ഈ രണ്ടു പ്രതിമകളും സിയാമെൻ എയർലൈൻസിന്റെ MF881 വിമാനത്തിൽ തെക്കുകിഴക്കൻ ചൈനയിലെ സിയാമെൻ ഗാവോകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തായ്‌വാനിലേക്ക് കയറ്റി അയച്ചത്. ക്രൂ അംഗങ്ങൾ പ്രതിമകൾ ശ്രദ്ധാപൂർവ്വം ക്യാബിനിലേക്ക് കൊണ്ടുപോകുന്ന വീഡിയോ വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.