കേട്ടപ്പോള്‍ ദുഃഖം തോന്നി, സംഭവിക്കാന്‍ പാടില്ലാത്തത്; പത്തനംതിട്ടയില്‍ കായികതാരം പീഡനത്തിനിരയായതില്‍ മന്ത്രി ചിഞ്ചുറാണി

അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ സംഭവിച്ച് കണ്ടിട്ടുള്ളുവെന്നും അതില്‍ പ്രതികളെ ശിക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേട്ടപ്പോള്‍ ദുഃഖം തോന്നി, സംഭവിക്കാന്‍ പാടില്ലാത്തത്; പത്തനംതിട്ടയില്‍ കായികതാരം പീഡനത്തിനിരയായതില്‍ മന്ത്രി ചിഞ്ചുറാണി
Published on


പത്തനംതിട്ടയില്‍ കായികതാരം നിരവധി പേരാല്‍ പീഡിപ്പിക്കപ്പെട്ടെന്ന വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മന്ത്രി ചിഞ്ചു റാണി. കേട്ടപ്പോള്‍ ദുഃഖം തോന്നിയെന്നും കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത സംഭവമാണിതെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി മാത്രമേ സംഭവിച്ച് കണ്ടിട്ടുള്ളുവെന്നും അതില്‍ പ്രതികളെ ശിക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


'ഒരു കാരണവശാലും അംഗീകരിച്ചു കൊടുക്കാന്‍ കഴിയാത്തതാണ്. പത്തോളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് മനസിലാക്കാന്‍ സാധിച്ചു. ബാക്കി പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനും ജയിലില്‍ അടയ്ക്കുവാനും ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനും കഴിയണം. കാരണം ഇത്തരം അതിക്രമങ്ങള്‍ ഇനി ഉണ്ടാകരുത്. കുട്ടികളാണ് എന്ന് പറഞ്ഞ് നമുക്ക് മാറ്റാന്‍ സാധ്യമല്ല. അതുകൊണ്ട് നമുക്ക് ഇത്തരത്തിലുള്ള കേസുകളില്‍ ശക്തമായ നടപടികള്‍ എടുത്ത് മുന്നോട്ട് പോകുമെന്ന് ഉറപ്പ് എനിക്കുണ്ട്. സര്‍ക്കാര്‍ അത് ചെയ്യും എന്നുള്ളത് ഉറപ്പിച്ച് പറയുകയാണ്,' ചിഞ്ചു റാണി പറഞ്ഞു.

പരിശീലകരും അയല്‍വാസികളും സഹപാഠികളുമുള്‍പ്പെടെ 60ഓളം പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പരാതിയില്‍ പരിശീലകര്‍ ഉള്‍പ്പടെ പ്രതികളാകുമെന്നാണ് സൂചന. കേസില്‍ മൂന്ന് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ കേസുകളുടെ എണ്ണം അഞ്ചായി. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്നും കണ്ടെത്തിയിരുന്നു.


പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടി ഡയറിയില്‍ എഴുതി വെച്ചിരുന്നു. 40-ഓളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടി 62 പേരുടെ പേര് വിവരങ്ങളാണ് പറഞ്ഞതെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ അഡ്വക്കേറ്റ് രാജീവ് പറഞ്ഞു. വീടുമായി അടുപ്പമുള്ള ആളുകളാണ് ആദ്യം പീഡിപ്പിച്ചത്. 42 പേരുടെ ഫോണ്‍ നമ്പറുകള്‍ പെണ്‍കുട്ടി അച്ഛന്റെ ഫോണില്‍ സേവ് ചെയ്തിരുന്നുവെന്നും രാജീവ് പറഞ്ഞു.


സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ ടീച്ചറോടാണ് കുട്ടി വിവരം തുറന്നുപറയുന്നത്. ഈ മൊഴിയാണ് സിഡബ്ല്യുസിയുടേയും തുടര്‍ന്ന് പൊലീസിന്റെയും കൈയ്യില്‍ എത്തുന്നത്. കായിക പരിശീലനത്തിന് എത്തിയപ്പോള്‍ അധ്യാപകരും, പിന്നീട് സഹപാഠികളും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് കുട്ടി മൊഴി നല്‍കി. കുട്ടിയുടെ നഗ്‌നചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ തേടിയെത്തിയത്. ഇവര്‍ പെണ്‍കുട്ടിയെ നിരന്തരം സമീപിക്കുകയും, പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും മൊഴിയില്‍ പറയുന്നു.


കുട്ടിയുടെ അച്ഛന്റെ ഫോണിലായിരുന്നു ആളുകള്‍ വിളിച്ചിരുന്നതെന്നും പെണ്‍കുട്ടി പറയുന്നു. കുട്ടിക്ക് ഇപ്പോള്‍ 18 വയസുണ്ട്. മൂന്നര കൊല്ലമായുള്ള പീഡന വിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് മുന്നിലെത്തിയത്. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com