"ഒഴിഞ്ഞ കുപ്പിയില്‍ ചൂടുവെള്ളം കുടിക്കുന്നത് ഇത്ര വലിയ സംഭവമാണോ? പാര്‍ട്ടിയുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കും"

ശുദ്ധ അസംബന്ധമാണ് പ്രചരിപ്പിക്കുന്നതെന്നും അച്ചടക്കമായി നടക്കുന്ന സമ്മേളനങ്ങളുടെ ശോഭ കെടുത്താനാണ് ചിലരുടെ നീക്കമെന്നും ചിന്താ ജെറോം പറഞ്ഞു.
"ഒഴിഞ്ഞ കുപ്പിയില്‍ ചൂടുവെള്ളം കുടിക്കുന്നത് ഇത്ര വലിയ സംഭവമാണോ? പാര്‍ട്ടിയുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കും"
Published on


സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിനിടെ ചിന്താ ജെറോം,  സമ്മേളനത്തിന്‍റെ സ്റ്റിക്കർ പതിപ്പിച്ച ചില്ലു കുപ്പിയില്‍ കുടിച്ചത് ബിയറാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ചിന്ത ജെറോം. ശുദ്ധ അസംബന്ധമാണ് പ്രചരിപ്പിക്കുന്നതെന്നും അച്ചടക്കമായി നടക്കുന്ന സമ്മേളനങ്ങളുടെ ശോഭ കെടുത്താനാണ് ചിലരുടെ നീക്കമെന്നും ചിന്താ ജെറോം പറഞ്ഞു.

ഒഴിഞ്ഞ കുപ്പിയില്‍ ചൂടുവെള്ളം കുടിക്കുന്നത് ഇത്ര വലിയ സംഭവമാണോ? സത്യാനന്തര കാലത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കള്ളം പ്രചരിപ്പിക്കുന്നത്. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കും. ഇതിനെ നിയമപരമായും നേരിടുമെന്നുമാണ് ചിന്ത ജെറോം പറഞ്ഞത്.

കഴിഞ്ഞ ദിവസം സംഭവത്തില്‍ വിശദീകരണവുമായി ചിന്ത ജെറോം രംഗത്തെത്തിയിരുന്നു. കരിങ്ങാലി വെള്ളം നിറച്ച വെള്ളക്കുപ്പികാണുമ്പോള്‍ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്നായിരുന്നു ചിന്ത ജെറോം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.

ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്, ഹരിത രാഷ്ട്രീയത്തിന്റെ മാതൃകാ പാഠങ്ങള്‍ പകര്‍ത്തിയാണ് പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാന്‍ കഴിയുന്ന കുപ്പിയില്‍ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയില്‍ വിതരണം ചെയ്തത്. ഇതിന്റെ ചിത്രങ്ങള്‍ ബിയര്‍ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ ' നന്നാക്കികള്‍' പ്രചരിപ്പിക്കുന്നത്. സത്യാനന്തര രാഷ്ട്രീയത്തില്‍ എങ്ങനെയാണ് അസത്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത് എന്നതിന്റെ സാക്ഷ്യമാണ് നിലവിലെ ബിയര്‍ കുപ്പി പരിഹാസമെന്ന് ചിന്ത ജെറോം പറഞ്ഞു.

പുള്ളിപ്പുലിയുടെ പുള്ളികള്‍ ഒരിക്കലും മായില്ല എന്ന് ബോര്‍ഹസ് പറഞ്ഞതുപോലെ, രാഷ്ട്രീയ അന്ധത ബാധിച്ച ഇടതുപക്ഷ വിരുദ്ധര്‍, അസത്യ പ്രചാരകര്‍ കള്ളങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. അവര്‍ എത്രയും വേഗം തങ്ങളുടെ മാനസിക നില പരിശോധിക്കാന്‍ തയ്യാറാവണമെന്നും ചിന്ത ജെറോം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com