

വയനാട് മീനങ്ങാടി വരദൂർ ചിറമുറിക്കൽ അബ്ദുവിൻ്റെ ജീവിതം അദ്ദേഹത്തിൻ്റെ കളിപ്പാട്ടങ്ങൾപോലെ കൗതുകം നിറഞ്ഞതാണ്. 84 -ാം വയസിലും പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന അബ്ദുക്കയുടെ കളിപ്പാട്ടങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. നാല് പതിറ്റാണ്ടായി അബ്ദു കളിപ്പാട്ട നിർമാണം തുടങ്ങിയിട്ട്.
വീടിനോട് ചേർന്ന പണിശാലയിൽ കളിവണ്ടികളുടെ നിർമാണ തിരക്കിലാണ് അബ്ദുക്ക. പുത്തൻ പരിഷ്കാരികളായ കളിപ്പാട്ടങ്ങൾക്കിടയിലും അബ്ദുക്കയുടെ കളിപ്പാട്ട വണ്ടികൾക്ക് ഇന്നും നല്ല ഡിമാന്റുണ്ട്. ചിരിച്ചു കൊണ്ടാണ് അബ്ദുക്ക നിർമാണ രഹസ്യം വിവരിച്ചത്.
പാഴ് വസ്തുക്കൾ ഒരുക്കിയെടുത്ത് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന നിറങ്ങളും ആകൃതിയും നൽകിയാണ് നിർമാണം. കൈവണ്ടിയും ജീപ്പും ഓട്ടോറിക്ഷയും ലോറിയും ട്രാക്ടടറും കൗതുക രൂപങ്ങൾ നിറഞ്ഞ ഉന്തുവണ്ടിയുമെല്ലാം അബ്ദുക്കയുടെ കരവിരുതിൽ ആവശ്യക്കാരിലേക്കെത്തും.
ഭാര്യ സീനത്തും കൂട്ടായുണ്ട്. പ്രായത്തിൻ്റെ അവശതകൾ അലട്ടുന്നുണ്ടെങ്കിലും മനസ്സിനെ അത് ബാധിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ് ബഹുവർണ്ണ കളിപ്പാട്ട നിർമാണങ്ങളിൽ 84ആം വയസ്സിലും അബ്ദുക്ക മുഴുകുന്നത്.