
വയനാട് മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ ആവശ്യപ്പെട്ടതിൽ കൂടുതൽ പണം കേന്ദ്രം വയനാടിന് നൽകുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ദേവൻ. കേന്ദ്രം ഒരാഴ്ചക്കുള്ളിൽ പ്രഖ്യാപനം നടത്തും. ദുരന്തത്തിൻ്റെ വ്യാപ്തി കൂടുതലുള്ളതുകൊണ്ടാണ് പഠനം നടത്തിയതിനു ശേഷം പാക്കേജ് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സർക്കാർ നിലപാട് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണം. സർക്കാരിൻ്റെ ഭാഗത്തുനിന്ന് മൂൻകൂട്ടിയുള്ള ജാഗ്രതാ മുന്നറിയിപ്പുകൾ ലഭിക്കാതിരുന്നതും ദുരന്തത്തിൻ്റെ വ്യാപ്തി വർധിപ്പിക്കാൻ ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരനും ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ വിശദമായ റിപ്പോർട്ട് ഉടൻ നൽകണം. പ്രധാനമന്ത്രിയുടെ സന്ദർശനം സ്വാഗതാർഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞ വാക്ക് പാലിക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു. കോഴിക്കോട് വിലങ്ങാടിന് പ്രത്യേക പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. വയനാട് മണ്ണിടിച്ചിൽ ദുരന്തത്തെ അധികം വൈകാതെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ.സി. വേണുഗോപാലും പറഞ്ഞു.
ചൂരൽമല-മുണ്ടക്കൈ-പുഞ്ചിരിമട്ടം മേഖലകളിൽ പരിശോധനകൾ ഏതാണ്ട് പൂർത്തിയായെന്ന് എഡിജിപി എം.ആ.ർ അജിത് കുമാറും അറിയിച്ചു. ഇപ്പോൾ നടക്കുന്നത് സംശയമുള്ള ഭാഗങ്ങളിലെ പരിശോധനകൾ മാത്രമാണ്. മലകളിലും പുഴയോരങ്ങളിലുമാണ് ഇപ്പോൾ കാര്യമായി തെരച്ചിൽ നടക്കുന്നത്. തെരച്ചിൽ നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും എഡിജിപി പറഞ്ഞു.