
ചൂരൽമല ഉരുൾപൊട്ടലിൽ തിരിച്ചറിയാനാവാത്ത കൂടുതൽ മൃതദേഹങ്ങൾ സംസ്ക്കരിച്ചു. 2 മൃതദേഹങ്ങളും 4 ശരീരഭാഗങ്ങളുമാണ് സംസ്‌കരിച്ചത്. സർവമത പ്രാർത്ഥനകളോടെ ഓരോ ശരീരഭാഗങ്ങളും ഓരോ മൃതദേഹങ്ങളായി കണ്ട് പ്രത്യേകമായിട്ടാണ് സംസ്കരിച്ചത്. കുഴികൾക്ക് മുന്നിൽ അടയാളമായി ഡിഎന്‍എ നമ്പറുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഹാരിസണ്‍ മലയാളത്തിൻ്റെ 64 സെൻ്റ് സ്ഥലമാണ് സംസ്‍കാരത്തിനായി അളന്ന് തിട്ടപ്പെടുത്തിയത്. സര്‍ക്കാരിൻ്റെ പ്രത്യേക മാര്‍ഗനിര്‍ദേശ പ്രകാരമായിരിന്നു സംസ്‌കാരം. ഉരുൾപൊട്ടൽ ദുരന്തത്തിൽ പൊലിഞ്ഞത് 368 ജീവനുകളാണ്. ഇരുനൂറോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 37 മൃതശരീരങ്ങളും 176 ശരീരഭാഗങ്ങളുമാണ് നാല് ദിവസത്തിനിടെ പുത്തുമലയിൽ സംസ്കരിച്ചത്.