സിഎസ്ആര്‍ ഫണ്ട് തട്ടിപ്പിൽ കബളിപ്പിക്കപ്പെട്ടവരില്‍ വയനാട് ദുരന്ത ബാധിതരും; കൈമാറിയത് ദുരന്തസഹായമായി ലഭിച്ച തുകയെന്ന് ചൂരല്‍മല സ്വദേശിയായ യുവതി

അക്ഷയ വഴി പണം കൈമാറി. മുണ്ടക്കൈ ഭാഗത്ത് നിന്ന് നിരവധി പേര് പണം നല്‍കിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി.
സിഎസ്ആര്‍ ഫണ്ട് തട്ടിപ്പിൽ കബളിപ്പിക്കപ്പെട്ടവരില്‍ വയനാട് ദുരന്ത ബാധിതരും; കൈമാറിയത് ദുരന്തസഹായമായി ലഭിച്ച തുകയെന്ന് ചൂരല്‍മല സ്വദേശിയായ യുവതി
Published on


സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് കേസില്‍ കബളിപ്പിക്കപ്പെട്ടവരില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരും. ദുരന്ത സഹായമായി ലഭിച്ച തുകയാണ് കൈമാറിയതെന്ന് ചൂരല്‍മല സ്വദേശിയായ യുവതി ന്യൂസ് മലയാളത്തോട് പറഞ്ഞു.

മുന്‍പ് ചിലര്‍ക്ക് വാഹനം ലഭിച്ചതിനാല്‍ സംശയിക്കാതെ പണം നല്‍കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ സീഡ് സൊസൈറ്റിയില്‍ അംഗത്വം എടുപ്പിച്ചു. അക്ഷയ വഴി പണം കൈമാറി. മൂവാറ്റുപുഴയിലെ ഇന്നോവേഷന്‍ സൊസൈറ്റി എന്ന അക്കൗണ്ടിലേക്കാണ് പണം നല്‍കിയതെന്നും യുവതി വെളിപ്പെടുത്തി.

മുണ്ടക്കൈ ഭാഗത്ത് നിന്ന് നിരവധി പേര് പണം നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നും യുവതി പറഞ്ഞു.


'ദുരന്ത സമയത്ത് കൈയ്യില്‍ ഉണ്ടായിരുന്ന വണ്ടി നഷ്ടപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ഒരു സെക്കന്‍ഡ്ഹാന്‍ഡ് വണ്ടി എടുക്കാം എന്ന തീരുമാനത്തിലായിരുന്നു. സാമ്പത്തിക സാഹചര്യം മോശമായിരുന്നതിനാല്‍ ആ സമയത്ത് വിചാരിച്ച വിലയില്‍ വണ്ടി കിട്ടിയിരുന്നില്ല. ആ സമയത്താണ് 50 ശതമാനം വിലയില്‍ സ്ത്രീകള്‍ക്ക് ഇരുചക്രവാഹനം നല്‍കുന്നു എന്നറിഞ്ഞത്. അതിനായി കിട്ടിയ ധനസഹായം അടക്കം ഇതിന് നല്‍കുകയായിരുന്നു. മുന്നേ ഇതിന് മുന്നെ കൊടുത്തവരും വാഹനം കിട്ടിയവരുമായി ആളുകളൊക്കെ ഉണ്ട്. അതുകൊണഅട് തന്നെ ഇതിനെ സംശയിച്ചില്ല. ഒരു സംശയവും ഇല്ലാതെ തന്നെ ഇതിലേക്ക് പണം നല്‍കുകയായിരുന്നു,' യുവതി പറഞ്ഞു.

ആയിരം കോടി രൂപയുടെ സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് കേസില്‍ പ്രതിയായ അനന്തുകൃഷ്ണന്റെ പരിപാടികളില്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവും പങ്കെടുത്ത വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മറൈന്‍ ഡ്രൈവിലെ പരിപാടിയിലാണ് കേന്ദ്രമന്ത്രി ശോഭ കരന്തലജെ ഉദ്ഘാടകയായി എത്തിയത്. തട്ടിപ്പിന് നേതൃത്വം നല്‍കിയിരുന്ന SIGN (സൊസൈറ്റി ഫോര്‍ ഇന്റെട്രേറ്റഡ് നേഷന്‍) സൊസൈറ്റി നിയന്ത്രിച്ചിരുന്നത് ബിജെപി നേതാക്കളാണെന്നും കണ്ടെത്തി.

സൊസൈറ്റിയുടെ ചെയര്‍മാന്‍ ബിജെപി നേതാവ് എ.എന്‍. രാധാകൃഷണനാണ്. സൊസൈറ്റിയുടെ തലപ്പത്തിരിക്കുന്ന മറ്റുള്ളവരും ബിജെപി നേതാക്കളാണ്. സൊസൈറ്റി ട്രഷറര്‍ ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയംഗം കെ.ടി. ബിനീഷ്, സൊസൈറ്റി സെക്രട്ടറി ബിജെപി കോട്ടയം ജില്ല കമ്മിറ്റിംഗം രൂപേഷ്, സൊസൈറ്റി സംസ്ഥാന കോര്‍ഡിനേറ്റര്‍ ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയംഗം സുനില്‍ കളമശേരി എന്നിവരാണ്.

മുഖ്യ പ്രതി അനന്തു കൃഷ്ണന്റെ പരിപാടികളിലെ സ്ഥിരം ഉദ്ഘാടകനായിരുന്നു ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണനെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. നിരവധി തവണ സ്‌കൂട്ടര്‍ വിതരണ പരിപാടികളില്‍ എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടകനായി എത്തിയിട്ടുണ്ട്. അനന്തു കൃഷ്ണന് പ്രധാനമന്ത്രിയുമായി കൂടി കാഴ്ചയ്ക്ക് അവസരമൊരുക്കിയതും എ.എന്‍. രാധാകൃഷ്ണനാണ്. ബിജെപിയിലെ മുതിര്‍ന്ന നേതാവിനെതിരെ പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് എ.എന്‍. രാധാകൃഷ്ണന്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com