
എറണാകുളം ചോറ്റാനിക്കരയിൽ ക്രൂരപീഡനത്തിനിരയായി പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ പൊലീസ്. പെൺകുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതായി ചോറ്റാനിക്കര സിഐ എൻ.കെ. മനോജ് പറഞ്ഞു. പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം നാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും. പ്രതിയായ ആൺസുഹൃത്തിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കുമെന്നും സിഐ പറഞ്ഞു.
കഴിഞ്ഞ 5 ദിവസമായി ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു പെൺകുട്ടി. കഴിഞ്ഞ ശനിയാഴ്ചയാണ് 19 കാരിയെ ആൺ സുഹൃത്ത് അതിക്രൂരമായി മർദിച്ചത്. തലച്ചോറിന് ഗുരുതര പരിക്കേറ്റ പെൺകുട്ടിയുടെ മരണം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2: 15ഓടെ സ്ഥിരീകരിച്ചു.പെൺകുട്ടിയുടെ മൃതദേഹം ഇപ്പോൾ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാമിലൂടെയാണ് തലയോലപ്പറമ്പ് സ്വദേശി അനൂപുമായി പെൺകുട്ടി സൗഹൃദത്തിലാവുന്നത്. മറ്റൊരു യുവാവുമായി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് സംശയിച്ചാണ് പ്രതി കുട്ടിയെ ക്രൂരമായി മർദിച്ചതെന്നാണ് പൊലീസ് പറയുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികുറ്റം സമ്മതിച്ചിരുന്നു.
വീട്ടിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ പെൺകുട്ടിയെ മർദിക്കാൻ ഉപയോഗിച്ച ചുറ്റികയും കഴുത്തിൽ കുരുക്കിയ ഷാളും പൊലീസ് കണ്ടെടുത്തു. പെൺകുട്ടിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചും പിന്നീട് ശ്വാസം മുട്ടിച്ചും കയ്യിൽ കരുതിയിരുന്ന ചുറ്റികയും കത്തിയും ഉപയോഗിച്ച് പെൺകുട്ടിയെ അതിക്രൂരമായി ഉപദ്രവിച്ചതായും പ്രതി പൊലീസിന് മൊഴി നൽകി. ഇതിൽ മനം നൊന്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പ്രഥമ ദൃഷ്ട്യാ പെൺകുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ ഉള്ളതായും പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പറഞ്ഞു.
വീട്ടിൽ അതിക്രമിച്ച് കയറി ആയുധം കൊണ്ട് ആക്രമിക്കൽ, വൈദ്യസഹായം നിഷേധിക്കൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ സാധിക്കാതിരുന്നതിനാലാണ് പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കാതിരുന്നത്. നിലവില്‍ പ്രതി 14 ദിവസത്തേക്ക് റിമാന്‍ഡിലാണ്.