സ്വാധീനമുള്ള മേഖലകളിൽ സ്വതന്ത്രരെ നിർത്തും, മറ്റിടങ്ങളിൽ ബിജെപിയെ പിന്തുണയ്ക്കും; രാഷ്ട്രീയത്തിലേക്കിറങ്ങാൻ കാസ

സ്വാധീനമുള്ള മേഖലകളിൽ സ്വതന്ത്രരെ നിർത്തും, മറ്റിടങ്ങളിൽ ബിജെപിയെ പിന്തുണയ്ക്കും; രാഷ്ട്രീയത്തിലേക്കിറങ്ങാൻ കാസ

120 നിയോജക മണ്ഡലം കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചെന്നും കാസ സംസ്ഥാന പ്രസിഡൻ്റ് കെവിൻ പീറ്റർ പറഞ്ഞു
Published on


വലത് ദേശീയ പാർട്ടിക്ക് രൂപം നൽകാനൊരുങ്ങി ക്രിസ്ത്യൻ അസോസിയേഷൻ ആൻ്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ). പാർട്ടി രൂപീകരണത്തിൻ്റെ പഠനങ്ങൾ നടത്തിയതായി കാസാ ഭാരവാഹികൾ അറിയിച്ചു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീനമുള്ള മേഖലകളിൽ സ്വതന്ത്രരെ നിർത്തും. മറ്റിടങ്ങളിൽ ബിജെപി സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്നും കാസ അറിയിച്ചു.

120 നിയോജക മണ്ഡലം കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചെന്നും കാസ സംസ്ഥാന പ്രസിഡൻ്റ് കെവിൻ പീറ്റർ പറഞ്ഞു. മുമ്പും ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാട് കാസാ സ്വീകരിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ യുവതി- യുവാക്കളെ മത്സരരംഗത്തേക്ക് ഇറക്കാന്‍ കണ്ടെത്തുകയും പ്രേരിപ്പിക്കുകയും തയ്യാറായവരെ പിന്തുണയ്ക്കുകയും ചെയ്യും. അതിനുള്ള തീരുമാനം എടുത്ത് പ്രവര്‍ത്തനം തുടങ്ങിയെന്നും കെവിന്‍ പീറ്റര്‍ വ്യക്തമാക്കി.

ക്രിസ്ത്യൻ പാർട്ടിയായി കണക്കാക്കപ്പെടുന്ന കേരള കോൺഗ്രസിന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തി നഷ്ടപ്പെട്ടുവെന്നും കാസ പറഞ്ഞു. മുമ്പ് ക്രിസ്ത്യൻ വിശ്വാസികളെ നയിച്ചിരുന്നത് സഭയായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ചിന്താഗതിയിൽ മാറ്റം വന്നിട്ടുണ്ടെന്നും കാസ സംസ്ഥാന പ്രസിഡന്റ് കെവിൻ പീറ്റർ പറഞ്ഞു.

News Malayalam 24x7
newsmalayalam.com