
പാലക്കാട് തത്തമംഗലം സ്കൂളിലെ ക്രിസ്മസ് പുൽക്കൂട് അജ്ഞാതർ തകർത്തതായി പരാതി. തത്തമംഗലം ജി.ബി.യു.പി സ്കൂളിൽ വെള്ളിയാഴ്ചയാണ് ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്. ഇന്ന് സ്കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയത്.
അതേസമയം നല്ലേപ്പിള്ളി, തത്തമംഗലം സ്കൂൾ ആക്രമണങ്ങൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. രണ്ട് സംഭവങ്ങൾക്കും സാമ്യമുണ്ടെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസം പാലക്കാട് നല്ലേപ്പിള്ളി ഗവൺമെന്റ് യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയതിന് മൂന്ന് വിശ്വഹിന്ദു പ്രവർത്തകർ അറസ്റ്റിലായിരുന്നു. സ്കൂളിൽ ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് വിശ്വഹിന്ദു പ്രവർത്തകർ പ്രവർത്തകർ എത്തിയത്. ക്രിസ്മസ് ആഘോഷിക്കരുതെന്നും ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പറഞ്ഞ് വിഎച്ച്‌പി പ്രവർത്തകർ പ്രധാനാധ്യാപികയേയും അധ്യാപകരേയും ഭീഷണിപ്പെടുത്തുകയായിരുന്നു.
വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ.അനിൽകുമാ൪, ജില്ലാ സംയോജക് വി. സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ. വേലായുധൻ എന്നിവരെ ചിറ്റൂ൪ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് കോടതി റിമാൻഡ് ചെയ്തു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കെ. അനിൽകുമാർ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറിയാണ്. ബജരംഗ്‌ദൾ ജില്ലാ സംയോജകാണ് വി. സുശാസനൻ. വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് കെ. വേലായുധൻ.