
വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയാൻ നടപടി ആരംഭിച്ചു. ഡിഎൻഎ പരിശോധനക്കായി പ്രദേശത്തെ ആളുകളുടെ രക്തസാമ്പിള്‍ ശേഖരണം തുടങ്ങി. ആളുകൾക്ക് കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് സാമ്പിള്‍ ശേഖരിക്കുന്നത്.
ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ആദ്യഘട്ടത്തിൽ തന്നെ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തില്‍ ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനുജ മെറിന്‍ ജോയുടെ നേതൃത്വത്തില്‍ മേപ്പാടി ഗവൺമെൻ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും, പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിള്‍ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതല്‍ മേപ്പാടി എംഎസ്എ ഹാളിലും രക്തസാമ്പിള്‍ ശേഖരിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ബന്ധുക്കളില്‍ രക്ത പരിശോധനയ്ക്ക് തയ്യാറായിട്ടുള്ളവര്‍ക്ക് കൗണ്‍സലിങ് നല്‍കിയ ശേഷമാണ് സാമ്പിള്‍ ശേഖരിക്കുന്നത്. മക്കള്‍, പേരക്കുട്ടികള്‍, മാതാപിതാക്കള്‍, മുത്തച്ഛന്‍, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങള്‍, അമ്മയുടെ സഹോദരങ്ങള്‍ തുടങ്ങിയ അടുത്ത രക്ത ബന്ധുക്കളുടെ സാമ്പിളാണ് പരിശോധനയ്ക്ക് ശേഖരിക്കുന്നത്.
അതേസമയം ഇന്ന് തിരിച്ചറിയാത്ത മൃതദേഹങ്ങൾ സർവമത പ്രാർഥനയോടെ ഒന്നിച്ച് സംസ്കരിക്കും. പഞ്ചായത്തിനാണ് ഇതിൻ്റെ ചുമതല നൽകിയിരിക്കുന്നത്. ഹാരിസൺസ് മലയാളത്തിൻ്റെ ഭൂമിയിലാണ് ശവസംസ്കാരം നടക്കുക. സംസ്കാര ചടങ്ങുകൾക്ക് വേണ്ട തുടർനടപടികൾ തുടങ്ങിക്കഴിഞ്ഞതായി ടി. സിദ്ദിഖ് എംഎൽഎ അറിയിച്ചു. ഓരോ ശരീരഭാഗങ്ങളും ഓരോ മൃതദേഹങ്ങളായി കണ്ട് 67 പേരെ ഇവിടെ സംസ്കരിക്കും.