
വയനാട്ടിലെ ചൂരൽമലയിൽ നടന്ന ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വയനാട് നാളെ പ്രധാനപ്പെട്ട ആക്ഷൻ പ്ലാൻ തീരുമാനിച്ചിട്ടുള്ളതായി റവന്യൂ മന്ത്രി കെ രാജൻ. ഫെയ്സ്ബുക്കിൽ പങ്ക് വെച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്....
വയനാട് നാളെ ഒരു പ്രധാനപ്പെട്ട ആക്ഷൻ പ്ലാൻ തീരുമാനിച്ചിരിക്കുകയാണ്. സൂചി പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തിരച്ചിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ചാലിയാറിൻ്റെ ഇരുകരകളിലും സമഗ്രമായി തിരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് നാളെ തിരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. പരിശീലനം നേടിയ 2 ഫോറസ്റ്റ് ഉദ്യോഗസ്ഥരും, 4 SoG യും,
6 ആർമി സൈനികരും അടങ്ങുന്ന 12 പേർ
നാളെ രാവിലെ എട്ടുമണിക്ക് SKMJ ഗ്രൗണ്ടിൽ നിന്നും എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിൽ എത്തിച്ചേരും. സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലും തെരച്ചിൽ നടത്തും. അവിടെ നിന്നും മൃതശരീരങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ടെങ്കിൽ പ്രത്യേക ഹെലികോപ്റ്റർ സജ്ജമായി നിൽക്കും.