
ചൂരൽമല ദുരന്തം കേരള ടൂറിസത്തെ മോശമായി ബാധിച്ചുവെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ്. വിദേശികൾ ഗൂഗിളിൽ തിരയുമ്പോൾ വയനാട് ദുരന്തം എന്നാണ് ഇപ്പോൾ കാണുന്നത്. ഇത് വയനാട് കേന്ദ്രീകരിച്ചുള്ള ടൂറിസ്റ്റുകളെ അകറ്റി നിർത്തുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
ചൂരൽമല ദുരന്തം എന്നാൽ വയനാട് ദുരന്തം അല്ല. ചൂരൽമല വയനാടിന്‍റെ ഭാഗം മാത്രമാണെന്നും മന്ത്രി പറഞ്ഞു. വയനാട് ടൂറിസം പുനരുജ്ജീവിപ്പിക്കാന്‍ മാസ് ക്യാമ്പയിന്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. സെപ്റ്റംബർ മാസമാണ് ക്യാമ്പയിന്‍ നടത്താന്‍ ഉദേശിക്കുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക മാർക്കറ്റിങ് നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 2021ലും സമാനമായ പ്രചരണത്തിന്‍റെ ഫലമായി ബെംഗളൂരുവിന്‍റെ വാരാന്ത ടൂറിസം കേന്ദ്രമായി വയനാട് മാറിയെന്ന് കഴിഞ്ഞ ദിവസം മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.