
വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി സ്പെഷ്യൽ ഓഫീസറെ ചുമതലപ്പെടുത്തി സർക്കാർ. സീറാം സാംബശിവ റാവു ഐഎഎസിനെ ഇതിനായി ചുമതലപ്പെടുത്തികൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ആണ് സീറാം സാംബശിവ റാവു.
ALSO READ: കേരളം കണ്ട ഏറ്റവും വലിയ ദുരന്തം; ചൂരല്‍മലയില്‍ മരണം 70 കടന്നു; രക്ഷാദൗത്യത്തിന് തടസമായി വീണ്ടും മലവെള്ളപ്പാച്ചിൽ
ഗവർണർ ഓർഡറിന് പിന്നാലെയാണ് ജനറൽ അഡ്മിനിസ്ട്രേഷൻ അഡിഷണൽ സെക്രട്ടറി എം അഞ്ജന ഐഎഎസ് ഉത്തരവിറക്കിയിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിൽ ജില്ലാ കളക്ടറെയും ജില്ലാ ഭരണകൂടത്തേയും സഹായിക്കുക, രക്ഷാപ്രവർത്തനം ഏകോപിക്കുക എന്നിവയാണ് സീറാം സാംബശിവ റാവു ഐഎഎസിനെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങൾ.
അതേസമയം വയനാട് മുണ്ടക്കൈ ചൂരല്‍മലയിലെ ഉരുൾപൊട്ടലിൽ മരണം 70 കടന്നു. ഉച്ചയ്ക്ക് രണ്ടു മണി വരെ 116 പേരെ പരുക്കളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഉച്ചയോടെ മുണ്ടക്കൈ പുഴയിൽ വീണ്ടും മലവെള്ളപ്പാച്ചിൽ ഉണ്ടായത് വലിയ ആശങ്ക സൃഷ്ടിച്ചു. പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് രക്ഷാപ്രവർത്തനത്തേയും ബാധിക്കുന്നുണ്ട്.