
ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ 49 കുട്ടികളെ കാണാതായിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വെള്ളാർമല ജി.വി.എച്ച്.എസ്.എസ് പൂർണമായും, മുണ്ടക്കൈ ജി.എൽ.പി.എസ് ഭാഗികമായും തകർന്നു. രണ്ട് സ്കൂളുകളും പുനർനിർമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും.
ദുരന്തത്തിൽ പാഠപുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് അവ വീണ്ടും നൽകാനുള്ള സൗകര്യമൊരുക്കും. വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കും. കാണാതായ കുട്ടികളെ കണ്ടെത്താനുളള ശ്രമങ്ങൾ ഊർജിതമാക്കും. തകർന്ന സ്കൂളുകൾക്ക് പകരമുള്ള കെട്ടിടങ്ങൾ അതേ സ്ഥലത്തു തന്നെ പണിയണമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ദുരന്തത്തിൽ കാണാതായവർക്കായി സൈന്യത്തിൻ്റെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചാലിയാറിൻ്റെ തീരപ്രദേശങ്ങളിലും തെരച്ചിൽ ആരംഭിച്ചു. രക്ഷാപ്രവർത്തനം വിലയിരുത്താൻ എസ്പിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഉടൻ ചേരും.
അട്ടമല - ആറന്മല, മുണ്ടെക്കെ, പുഞ്ചിരിമട്ടം, വെള്ളാർമല, ചാലിയാർ പുഴ എന്നിവിടങ്ങളിലായി 40 പേരടങ്ങുന്ന രണ്ട് സംഘമായാണ് തെരച്ചിൽ നടത്തുക. കൂടുതൽ ഡോഗ് സ്ക്വാര്‍ഡുകളെ എത്തിക്കുമെന്നാണ് വിവരം.