
കലി തുള്ളിയെത്തിയ പ്രകൃതിദുരന്തത്തിൽ കണ്ണീരണിഞ്ഞത് ഒരു നാടാണ്. ചൂരൽമലയും മുണ്ടക്കൈയും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയപ്പോൾ ഉറ്റവർക്ക് നഷ്ടമായത് കൂടപ്പിറപ്പുകളാണ്. ഇതിനിടെ ശ്രദ്ധിക്കപ്പെടാതെ പോയ ചില ആദിവാസി ഊരുകളുണ്ട്. ഒറ്റപ്പെട്ടുപോയ ആ മനുഷ്യരെ കണ്ടെത്തി സുരക്ഷിതമാക്കുകയാണ് വനപാലകർ.
സൂചിപ്പാറയിൽ കുടുങ്ങിക്കിടന്ന ആദിവാസി ഊരുകൾ തേടിയാണ് ആദ്യം വനപാലക സംഘം എത്തിയത്. ചെങ്കുത്തായ സൂചിപ്പാറകൾക്കിടയിലൂടെ കയർ കെട്ടിയാണ് കുടുംബങ്ങളെ താഴെയെത്തിച്ചത്. നിരവധി കുടുംബങ്ങളാണ് ഇവിടെ ഒറ്റപ്പെട്ടു പോയത്. താഴെയെത്തിച്ച ശേഷം അവരെ സുരക്ഷിതമായി ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.
അട്ടമലയിലെ ഊരിലെത്തിയ ഉദ്യോഗസ്ഥർ കണ്ടത് വറുതിയിൽ പട്ടിണിക്കോലമായ അമ്മയെയും നാല് കുഞ്ഞുങ്ങളെയുമായിരുന്നു. ഭക്ഷണവും വെള്ളവും നൽകിയ ശേഷം ഇവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. എസ്എഫ്ഒ ജയചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘം ഏറാട്ടുക്കുണ്ട് ഗുഹയിൽ താമസിക്കുന്ന കൃഷ്ണൻ, ഭാര്യ, നാലു മക്കൾ എന്നിവരെയും അട്ടമല പഴയ ഫോറസ്റ്റ് ക്യാമ്പ് ഷട്ടിൽ സുരക്ഷിതമായി എത്തിച്ചു. ദുരന്തമുണ്ടായതിന് പിന്നാലെ ഒറ്റപ്പെടാൻ സാധ്യതയുള്ളവരെക്കൂടി കണ്ടെത്തണമെന്ന മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനപാലകർ തെരച്ചിൽ തുടങ്ങിയത്. മുന്നറിയിപ്പ് കിട്ടിയാലും ഊരുകളിലുള്ളവർ മാറി താമസിക്കാൻ തയ്യാറാകാത്തതാണ് വെല്ലുവിളിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തുടർന്നുള്ള ദിവസങ്ങളിലും ഊരുകളിലുള്ള തെരച്ചിൽ തുടരും.