ഹിമാചൽ മുഖ്യമന്ത്രിയുടെ സമൂസ കാണാതായതിൽ സിഐഡി അന്വേഷണം; പ്രതിഷേധവുമായി ബിജെപി

പ്രതിപക്ഷ നേതാവ് ജയ്റാം താക്കൂർ പാർട്ടി പ്രവർത്തകർക്കൊപ്പം സമൂസ പാർട്ടി സംഘടിപ്പിച്ചാണ് അന്വേഷണത്തിനെതിരെ പ്രതിഷേധിച്ചത്
ഹിമാചൽ മുഖ്യമന്ത്രിയുടെ സമൂസ കാണാതായതിൽ സിഐഡി അന്വേഷണം; പ്രതിഷേധവുമായി ബിജെപി
Published on


ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിക്ക് വേണ്ടി വാങ്ങിയ സമൂസ കാണാതായ സംഭവത്തിൽ സിഐഡി അന്വേഷണം പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്ത്. പ്രതിപക്ഷ നേതാവ് ജയ്റാം താക്കൂർ പാർട്ടി പ്രവർത്തകർക്കൊപ്പം സമൂസ പാർട്ടി സംഘടിപ്പിച്ചാണ് അന്വേഷണത്തിനെതിരെ പ്രതിഷേധിച്ചത്. മാണ്ഡിയിലെ സർക്യൂട്ട് ഹൗസിലാണ് സമൂസ പാർട്ടി സംഘടിപ്പിച്ചത്.

മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുവിന് നല്‍കാന്‍ കൊണ്ടുവന്ന സമൂസയും കേക്കുകളും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയതിലാണ് ഹിമാചൽ പ്രദേശ് സർക്കാർ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടത്. ഒക്ടോബര്‍ 21 ന് സിഐഡി ആസ്ഥാനം സുഖു സന്ദര്‍ശിക്കുന്നതിനിടെ നടന്ന സംഭവം സര്‍ക്കാര്‍ വിരുദ്ധമെന്നും ഇത് അജണ്ടയുടെ ഭാഗമാണെന്നുമാണ് സര്‍ക്കാര്‍ നിലപാടെന്നാണ് വിവരം. അതേസമയം സമൂസ കാണാതായതിലല്ല അന്വേഷണം നടക്കുന്നതെന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു അറിയിച്ചു.

പെരുമാറ്റദൂഷ്യത്തിൽ ആണ് സിഐഡി അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംഭവത്തിൽ സർക്കാരിനെതിരെ ബിജെപി രംഗത്ത് വന്നു.കോണ്ഗ്രസ് സർക്കാരിന്റെ മുൻഗണനകൾ വ്യക്തമായതായും അഴിമതികൾ അന്വേഷിച്ചില്ലെങ്കിലും സമൂസ മാറി നൽകിയതിൽ അന്വേഷണം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് ജയ്റാം താക്കൂർ പറഞ്ഞു.

സംഭവത്തിലെ സിഐഡി അന്വേഷണത്തിൽ 5 ഉന്നത പോലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയെന്നാണ് വിവരമെന്നും പ്രതിപക്ഷ നേതാവ് ജയ്റാം താക്കൂർ കൂട്ടിച്ചേർത്തു. സമൂസകൾ മാറി നൽകിയ സംഭവത്തെ സർക്കാർ വിരുദ്ധമെന്ന് വിശേഷിപ്പിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നെന്നും രാജ്യമാകെ ഹിമാചൽ പ്രദേശിനെ അറിയുന്നത് സർക്കാരിൻ്റെ ഈ പരിഹാസ്യ നടപടി കാരണമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com