കടൽമണൽ ഖനനത്തിനെതിരെ CITU സമരം; കടലിൽ വള്ളങ്ങളിറക്കി മത്സ്യത്തൊഴിലാളികൾ

മത്സ്യത്തൊഴിലാളികളും അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും അടക്കം ലക്ഷക്കണക്കിന് ആളുകളെയാണ് ഖനനം ബാധിക്കുന്നത്
കടൽമണൽ ഖനനത്തിനെതിരെ CITU സമരം; കടലിൽ വള്ളങ്ങളിറക്കി മത്സ്യത്തൊഴിലാളികൾ
Published on

കടൽ മണൽ ഖനനത്തിനെതിരെ കൊല്ലം തീരത്ത് പ്രതിഷേധം ശക്തം. നീണ്ടകരയിൽ നിന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ സിഐടിയുവിൻ്റെ നേതൃത്വത്തിൽ കടൽ സമരം നടത്തി. നിരവധി വളളങ്ങളും കടലിൽ അണിനിരത്തി ആയിരുന്നു സമരം.

നിരവധി ഇനം കടൽ മത്സ്യങ്ങളും ആഴക്കടൽ ചെമ്മീനും ഉള്ള പ്രദേശമാണ് കൊല്ലം പരപ്പ്. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ധാരാളം യന്ത്രവത്കൃത കപ്പലുകളുടെയും മെഷ് ഗിൽ നെറ്റ് ബോട്ടുകളുടേയും പ്രധാന കേന്ദ്രമാണ് ഇവിടം. ഇവിടേയാണ് ഖനനം ആരംഭിക്കുന്നത്. മത്സ്യത്തൊഴിലാളികളും അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും അടക്കം ലക്ഷക്കണക്കിന് ആളുകളെയാണ് ഖനനം ബാധിക്കുന്നത്.

സമുദ്ര ജൈവവൈവിധ്യത്തെയും ആവാസവ്യവസ്ഥയെയും ബാധിക്കുന്ന ഖനന നീക്കം ഏത് വിധേനയും ചെറുക്കാനാണ് സംയുക്ത മത്സ്യതൊഴിലാളി സംഘടനകളുടെ തീരുമാനം. കരയിലും കടലിലും സമരം ശക്തമാവുകയാണ്. നീണ്ടകരയിൽ നിന്നാരംഭിച്ച കടൽ സമരത്തിൽ നിരവധി വള്ളങ്ങളും ബോട്ടുകളും അണിചേർന്നു. കൊല്ലം ബീച്ചിൽ സമരം അവസാനിച്ചു. ഖനനത്തിന് എതിരാണ് സിപിഎമ്മിൻ്റെയും സർക്കാരിൻ്റെയും നിലപാടെന്ന് എം.എ. ബേബി ന്യൂസ് മലയാളത്തോട് പറഞ്ഞു.ബ്ലൂ ഇക്കണോമി പദ്ധതിയുടെ മറവിലാണ് ധാതുമണൽ ഖനനം നടത്താനുള്ള നീക്കം. ഖനനം ആരംഭിച്ചാൽ മത്സ്യങ്ങളുടെ കൂട്ടക്കുരുതി സംഭവിക്കുമെന്ന ആശങ്കയിലാണ് തീരം.

കടൽ മണൽ ഖനനത്തിനെതിരെ പാർലമെൻ്റിന് അകത്തും പുറത്തും പ്രതിഷേധം അറിയിക്കുമെന്നും മത്സ്യത്തൊഴിലാളികളുടെ തീരദേശ ഹർത്താലിന് പൂർണ പിന്തുണ നൽകുമെന്നും ഹൈബി ഈഡൻ എംപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാർച്ച് 12ന് സംയുക്ത മത്സ്യത്തൊഴിലാളി സംഘടനകൾ പാർലമെൻ്റ് മാർച്ച് സംഘടിപ്പിക്കുമെന്നും, കേരളത്തിലെ മുഴുവൻ എംപിമാരും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. "മണൽ ഖനനത്തിൽ നിന്ന് ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിന്റെ സാമ്പത്തിക ലാഭമാണ് കമ്പനികളെ ഇതിലേക്ക് ആകർഷിക്കുന്നത്. യാതൊരു പഠനവും ഇല്ലാതെയുള്ള പ്രഖ്യാപനങ്ങളാണ് നടക്കുന്നത്. ഒരു പഠനവും നടത്തിയിട്ടില്ല. ഇതൊരു അദാനി-അംബാനി മിഷൻ ആക്കി മാറ്റാൻ നോക്കുന്നു. ഈ നീക്കം മത്സ്യ വരൾച്ചയ്ക്ക് കാരണമാകും. അതോടൊപ്പം ഇത് മത്സ്യത്തൊഴിലാളികളെയും ബാധിക്കും," ഹൈബി ഈഡൻ എംപി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com