
പത്തനംതിട്ട പെരുനാട് കൊല്ലപ്പെട്ട സിഐടിയു പ്രവർത്തകൻ ജിതിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം നടക്കും. പെരുനാട് ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്ന പൊതുദർശനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കളെത്തി അന്തിമോപചാരം അർപ്പിച്ചു.
ജിതിനെ കൊന്നത് ആർഎസ്എസാണെന്നും മറിച്ച് നടക്കുന്ന പ്രചാരണങ്ങൾ എല്ലാം ശുദ്ധ അസംബന്ധമെന്നുമായിരുന്നു അന്തിമോപചാരം അർപ്പിക്കാനെത്തിയ എം.വി. ഗോവിന്ദൻ്റെ പ്രസ്താവന. എതിർ പക്ഷത്തിൻ്റെ പ്രചാരണങ്ങൾക്ക് ചില മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുണ്ട്. ഇത്തരം കൊലപാതകങ്ങൾ കൊണ്ട് സിപിഎമ്മിനെ ഇല്ലാതാക്കാൻ കഴിയില്ല. ജിതിന്റെ കൊലപാതകത്തിൽ ശക്തമായി പ്രതിഷേധിക്കുന്നെന്ന് പറഞ്ഞ ഗോവിന്ദൻ, ആർഎസ്എസും സംഘപരിവാരവും കൊലക്കത്തി താഴെ വെക്കണമെന്നും കൂട്ടിച്ചേർത്തു.
ഫെബ്രുവരി 16നായിരുന്നു ലോഡിങ് തൊഴിലാളിയായ ജിതിൻ കൊല്ലപ്പെട്ടത്. രാത്രി പത്ത് മണിയോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് ജിതിനു കുത്തേറ്റത്. സംഘർഷത്തിൽ മറ്റ് രണ്ടുപേർക്ക് കൂടി കുത്തേറ്റിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിലെ മുഖ്യപ്രതിയായ വിഷ്ണുവിനെ പൊലീസ് പിടികൂടിയത്. വിഷ്ണു ഉൾപ്പെടെ നാലുപേരെയാണ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ജിതിൻ കൊലപാതക കേസിലെ മുഖ്യപ്രതി വിഷ്ണു സംഘപരിവാർ പ്രവർത്തകനാണെന്ന് എന്ന തെളിയിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തെത്തി. വിഷ്ണുവിന് ആർഎസ്എസുമായി ബന്ധമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അവകാശവാദം ഉന്നയിക്കുന്നതിനിടയാണ് ചിത്രങ്ങൾ പുറത്തുവന്നത്. ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. വിഷ്ണു പ്രദേശത്തെ പ്രമുഖ ആർഎസ്എസ് പ്രവർത്തകൻ എന്ന സിപിഎം നേതാക്കൾ പറഞ്ഞിരുന്നു. ഈ വാദത്തെ ശരിവച്ചുകൊണ്ടുള്ള തെളിവുകളാണ് പുറത്തുവന്നത്.
സമാധാന അന്തരീക്ഷം തകർക്കാനുള്ള ആർഎസ്എസ് നീക്കത്തിന്റെ ഭാഗമാണ് കൊലപാതകമെന്ന് സിപിഎം ആരോപിച്ചു. ആർഎസ്എസ് ബിജെപി സംഘം കൊലക്കത്തി താഴെ വയ്ക്കണമെന്നും സിപിഐഎം സംസ്ഥാന നേതൃത്വം പറഞ്ഞു.എന്നാൽ കൊലക്കുറ്റം ബിജെപിയുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ബിജെപി ജില്ലാ പ്രസിഡൻ്റ് വി. എ. സൂരജിൻ്റെ പ്രതികരണം.