
മൂന്നാർ മാട്ടുപ്പട്ടി എക്കോ പോയിൻ്റ് ബോട്ടിങ് സെൻ്ററിലുണ്ടായ സംഘർഷത്തിൽ കൊല്ലം സ്വദേശികളായ വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. ഹൈഡൽ ടൂറിസം താത്കാലിക ജീവനക്കാരും ഫോട്ടോഗ്രാഫർമാരുമാണ് മർദിച്ചതെന്നാണ് പരാതി. പരുക്കേറ്റ വിനോദസഞ്ചാരികളും ജീവനക്കാരും ആശുപത്രിയിൽ ചികിത്സ തേടി.
കൊല്ലം മൂന്നാംകുറ്റി സ്വദേശികളായ വിനോദസഞ്ചാരികൾക്കാണ് ക്രൂരമർദനമേറ്റത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 17 അംഗ സംഘംത്തിലെ എഴുപേർക്ക് സാരമായി പരിക്കേറ്റ് മൂന്നാർ, അടിമാലി ആശുപത്രികളിൽ ചികിത്സയിലാണ്. മാട്ടുപ്പട്ടി എക്കോ പോയിൻ്റിലെ ബോട്ടിങ് സെൻ്ററിൽ പ്രവേശന പാസിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. 10 രൂപയാണ് ഇവിടുത്തെ പ്രവേശന നിരക്ക്. സഞ്ചാരികൾ പാസെടുത്ത് അകത്ത് പ്രവേശിച്ചെങ്കിലും ബോട്ടിങ്ങിന് പോകുന്നവരിൽ നിന്ന് പ്രവേശന ഫീസ് വാങ്ങുന്നത് ശരിയല്ലെന്ന് പറഞ്ഞത് വാക്കു തർക്കത്തിന് കാരണമായി. സ്ഥലത്തെ ഫോട്ടോഗ്രാഫർമാർ പ്രവേശന പാസില്ലാതെ ബോട്ടിങ് സെൻ്ററിനുള്ളിൽ കടക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടി. തുടർന്ന് ഹൈഡൽ ടൂറിസം താത്കാലിക ജീവനക്കാരും ഫോട്ടോഗ്രാഫർമാരും സംഘം ചേർന്ന് മർദിച്ചെന്നാണ് പരാതി.
തങ്ങളുടെ കൂടെയുണ്ടായിരുന്ന സ്ത്രീകളോട് ഫോട്ടോഗ്രാഫർമാർ അസഭ്യം പറഞ്ഞതായും മർദിച്ചതായും പൊലീസിന് ഇവർ പരാതി നൽകി . ഒരു സ്ത്രീയ്ക്ക് നട്ടെല്ലിന് ഗുരുതര പരിക്കേറ്റെന്ന് പൊലീസ് അറിയിച്ചു. വിനോദസഞ്ചാരികൾ തങ്ങളെ മർദിച്ചതായി കാണിച്ച് ബോട്ടിങ് സെൻ്ററിലെ ജീവനക്കാരും പരാതി നൽകിയിട്ടുണ്ട്. ഇരു കൂട്ടർക്കെതിരെയും മൂന്നാർ പൊലീസ് കേസെടുത്തു.