
മാംസാഹാരികളെ വൃത്തികെട്ടവർ എന്ന് വിളിച്ചതിന് പിന്നാലെ മുംബൈ അപ്പാർട്ട്മെൻ്റിൽ സംഘർഷം. ഗുജറാത്തികളും മറാത്തികളായ തദ്ദേശിയരും തമ്മിലാണ് സംഘർഷം നടന്നത്. മുംബൈയിലെ ഘാട്‌കോപ്പറിലുള്ള അപ്പാർട്ട്മെൻ്റിലാണ് സംഭവം. മാംസവും മീനും കഴിച്ചതിൻ്റെ പേരിൽ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലെ മറാത്തി കുടുംബങ്ങളോട് ഗുജറാത്തികൾ മോശമായി പെരുമാറിയതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്.
ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മാംസാഹാരം കഴിച്ചതിൻ്റെ പേരിൽ മറാത്തി കുടുംബങ്ങളോട് ഗുജറാത്തികൾ മോശമായി പെരുമാറുകയും, ആക്രമിക്കാനെത്തിയവരെ പ്രതിരോധിക്കുന്നതുമായ ദൃശ്യങ്ങൾ വീഡിയോയിൽ കാണാൻ സാധിക്കും.
മീനും മാംസവും പാചകം ചെയ്യുന്ന മറാത്തികളെ അതിൽ നിന്നും വിലക്കിയെന്നും, അവരെ വൃത്തികെട്ടവർ എന്ന് വിളിച്ചുവെന്നും എംഎൻഎസ് നേതാവ് രാജ് പാർട്ടെ പറഞ്ഞു. അപ്പാർട്ട്മെൻ്റിൽ കുടുംബങ്ങൾക്ക് ഭക്ഷണം കഴിക്കുന്നതിൽ യാതൊരു നിയന്ത്രണവുമില്ലെന്ന് ഒരു താമസക്കാരൻ പറഞ്ഞു. പ്രത്യേകിച്ച് മുംബൈ പോലുള്ള ഒരു നഗരത്തിൽ, മറ്റുള്ളവരുടെ ഭക്ഷണശീലങ്ങൾ ആരും നിർദേശിക്കരുതെന്നായിരുന്നു പാർട്ടെയുടെ അഭിപ്രായം.
സംഘർഷം രൂക്ഷമാകുമെന്ന് ആശങ്കയെ തുടർന്നാണ് താമസക്കാർ പൊലീസിനെ വിളിച്ചുവരുത്തിയത്. എന്നാൽ സംഭവത്തിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. താമസക്കാരോട് ഐക്യത്തോടെ ജീവിക്കാനും മറ്റുള്ളവരെ ഉപദ്രവിക്കരുതെന്നും പൊലീസ് നിർദേശം നൽകി.