
സംസ്ഥാന സ്കൂൾ കായികമേളയിൽ സമാപനത്തോടനുബന്ധിച്ച് മഹാരാജാസ് കോളേജിൽ സംഘർഷാവസ്ഥ. മികച്ച സ്കൂളിനുള്ള രണ്ടാം സ്ഥാനത്തേക്ക് സ്പോർട്സ് സ്കൂളിനെ പരിഗണിച്ചതിനെ ചൊല്ലിയായിരുന്നു തർക്കം. പ്രതിഷേധസൂചകമായി കോതമംഗലം മാർ ബേസിൽ കായികമേള ബഹിഷ്കരിച്ചു. ജി.വി. രാജ സ്കൂളിന് രണ്ടാംസ്ഥാനം നൽകിയതിൽ പ്രതിഷേധത്തെ തുടർന്നാണ് സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടത്. സ്കൂളുകളുടെ പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള തിരുനാവായ നാവാമുകുന്ദ സ്കൂളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
കായികമേളയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം മികച്ച സ്പോർട്സ് ഹോസ്റ്റലുകൾ, മികച്ച സ്കൂളുകൾ എന്നീ രണ്ട് വിഭാഗങ്ങളിലായാണ് പോയിന്റ് നില അടയാളപ്പെടുത്തിയിട്ടുള്ളത്. പോയിന്റ് പ്രകാരമാണ് തിരുനാവായ നാവാമുകുന്ദ സ്കൂളിനെയും കോതമംഗലം മാർബേസിൽ സ്കൂളിനെയും പിന്തള്ളി ജീവി രാജയ്ക്ക് രണ്ടാംസ്ഥാനം നൽകിയത്. തുടർന്നാണ് സമാപന ചടങ്ങുകൾ നടക്കുന്ന വേദിയിലേക്ക് നവാമുകുന്ദയിലെയും മാർ ബേസിലിന്റെയും വിദ്യാർഥികൾ പ്രതിഷേധവുമായി എത്തിയത്.
പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയിട്ടും വെബ്സൈറ്റിലെ പോയിന്റ് നിലയിൽ മാറ്റമില്ല. അതേസമയം മാർ ബേസിൽ സ്കൂൾ കായികമേള ബഹിഷ്കരിക്കുന്നതായും വരുന്ന ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നത് ആലോചിക്കുമെന്നും അറിയിച്ചു. ഒളിമ്പിക്സ് മാതൃകയിൽ പിഴവുകൾ ഇല്ലാതെ മേള സംഘടിപ്പിച്ചതെന്ന് വാദിച്ച സർക്കാരിനും കായിക വകുപ്പിനും സമാപന ചടങ്ങിലെ സംഘർഷം കനത്ത തിരിച്ചടിയാണ് നൽകിയത്.
പൊലീസ് ഉദ്യോഗസ്ഥർ ഉപദ്രവിച്ചതായി കുട്ടികൾ പരാതിപ്പെട്ടു. മത്സരയിനങ്ങളിൽ പങ്കെടുത്ത് പരുക്ക് പറ്റിയവരോടാണ് പൊലീസ് ഇത്തരത്തിൽ ക്രൂരതയോടെ പെരുമാറിയത്. പൊലീസുകാർ തള്ളി മാറ്റിയെന്നും മുഖത്ത് അടിച്ചെന്നും വിദ്യാർഥികൾ പറഞ്ഞു. കോളർ പിടിച്ച് കറക്കിയെറിഞ്ഞെന്നും, പെൺകുട്ടികളെ മർദിച്ചത് വനിതാ പൊലീസ് അല്ലെന്നും കുട്ടികൾ കൂട്ടിച്ചേർത്തു. 365 ദിവസത്തെ പരിശീലനത്തിനും കഷ്ടപ്പാടിനും ഒടുവിലാണ് മത്സരത്തിന് എത്തിയതെന്നും, രണ്ടം സ്ഥാനം നൽകിയതിനെതിരെ ചോദ്യമുന്നയിച്ചപ്പോൾ പൊലീസ് ഉപദ്രവിക്കുകയായിരുന്നുവെന്നും കുട്ടികൾ പരാതിപ്പെട്ടു.
വിദ്യാർഥികളുടെ ആരോപണം നിഷേധിച്ചു കൊണ്ട് പൊലീസ് കമ്മീഷണർ രംഗത്തെത്തി. പൊലീസ് അവരുടെ ജോലി മാത്രമേ ചെയ്തിട്ടുള്ളുവെന്നും മന്ത്രിമാർ വേദിയിൽ ഇരുന്നപ്പോൾ അതിക്രമിച്ചു കയറാൻ ശ്രമിച്ചവരെ തടയുക മാത്രമാണ് ചെയ്തെന്നും, പൊലീസുകാരുടെ കയ്യിൽ ലാത്തി പോലും ഉണ്ടായില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന ദിവസത്തിലാണ് ഇങ്ങനെയൊരു പ്രതിഷേധം വേദിക്ക് സമീപം അരങ്ങേറിയത്. കേരള സ്കൂൾ കായികമേള അത്‌ലറ്റിക്സ് മത്സരത്തിൽ പാലക്കാടൻ കോട്ട തകർത്തു കൊണ്ട് മലപ്പുറം ചാമ്പ്യന്മാരായി. ചരിത്രത്തിൽ ആദ്യമായാണ് മലപ്പുറം അത്ലറ്റിക്സ് കിരീടം നേടുന്നത്. കഴിഞ്ഞ മൂന്ന് തവണയും പാലക്കാട് ആയിരുന്നു ചാംപ്യൻഷിപ്പ് പട്ടം നേടിയത്.
തിരുവനന്തപുരം ജില്ലയാണ് കായികമേളയുടെ ഓവറോൾ കിരീടം ചൂടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാന ദാനവും മുഖ്യമന്ത്രി നിർവഹിച്ചു.