
കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷത്തെ തുടർന്ന് കോളേജിലേക്ക് മാർച്ച് സംഘടിപ്പിക്കാനൊരുങ്ങി എസ്എഫ്ഐ. പ്രിന്‍സിപ്പലിനെയും സ്റ്റാഫ് സെക്രട്ടറിയെയും സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോളേജിലേക്ക് മാർച്ച് നടത്തുക.
അതേസമയം, എസ്എഫ്ഐയുടെ പരാതിയിൽ കോളേജ് പ്രിന്‍സിപ്പലിനെതിരെയും സ്റ്റാഫ് സെക്രട്ടറിയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രിന്‍സിപ്പിലിൻ്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 20 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുകൂട്ടരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും.
ഇന്നലെയാണ് കോളേജിൽ വിദ്യാർഥികളും കോളേജ് പ്രിന്‍സിപ്പലും തമ്മിൽ സംഘർഷമുണ്ടായത്. എസ്.എഫ്.ഐ പ്രവര്‍ത്തകരും പ്രിന്‍സിപ്പലും തമ്മിലുള്ള തർക്കത്തിനൊടുവിലായിരുന്നു സംഘർഷം. ഹെൽപ്പ് ഡെസ്ക്ക് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ബിരുദ ക്ലാസുകള്‍ക്കുള്ള അഡ്മിഷന്‍ നടന്നുകൊണ്ടിരിക്കെയാണ് സംഘർഷമുണ്ടായത്. പുറത്തു നിന്നുള്ളവരുള്‍പ്പെടെ ഒരു സംഘം ആൾക്കാർ തന്നെ ആക്രമിച്ചുവെന്ന് പ്രിൻസിപ്പൽ പറഞ്ഞു. തന്നെ സംരക്ഷിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകരെയും ആക്രമികൾ മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . എന്നാൽ, പ്രവർത്തകരെ പ്രിന്‍സിപ്പല്‍ മര്‍ദിക്കുകയായിരുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം.